video
play-sharp-fill
മുണ്ടക്കയം ടൗണ്‍ കേന്ദ്രീകരിച്ചു മോഷണം പെരുകുന്നു; കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ടൗണില്‍ നിന്നു മോഷണം പോയത് രണ്ടു വാഹനങ്ങള്‍; മുണ്ടക്കയം ബൈപാസില്‍ സുരക്ഷ ഒരുക്കി സ്ഥാപിച്ചിരിക്കുന്ന കൈവരികളുടെ ഇരുമ്പ് പൈപ്പ് മോഷണം പോകുന്നതും പതിവ് കാഴ്ച്ച

മുണ്ടക്കയം ടൗണ്‍ കേന്ദ്രീകരിച്ചു മോഷണം പെരുകുന്നു; കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ടൗണില്‍ നിന്നു മോഷണം പോയത് രണ്ടു വാഹനങ്ങള്‍; മുണ്ടക്കയം ബൈപാസില്‍ സുരക്ഷ ഒരുക്കി സ്ഥാപിച്ചിരിക്കുന്ന കൈവരികളുടെ ഇരുമ്പ് പൈപ്പ് മോഷണം പോകുന്നതും പതിവ് കാഴ്ച്ച

സ്വന്തം ലേഖിക  

മുണ്ടക്കയം: ടൗണ്‍ കേന്ദ്രീകരിച്ചു മോഷണം പെരുകുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടു വാഹനങ്ങളാണ് മുണ്ടക്കയം ടൗണില്‍നിന്നു മോഷണം പോയത്. കഴിഞ്ഞ ദിവസം മുണ്ടക്കയം ടൗണിനോടു ചേര്‍ന്നുള്ള സ്വകാര്യ വാഹന പാര്‍ക്കിംഗ് കേന്ദ്രത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനത്തിന്‍റെ ടയറും ബാറ്ററിയും മോഷ്ടിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ വെംബ്ലി ചോളമറ്റം സിജിമോന്‍റെ ബൈക്ക് രണ്ടാഴ്ച മുന്പു ജോലിക്കു പോകുന്നതിനിടയില്‍ തകരാറിലായി. ഇതേത്തുടര്‍ന്നാണ് ടൗണിലെ പാര്‍ക്കിംഗ് സ്ഥലത്തു വച്ചത്.

ചൊവ്വാഴ്ച ബൈക്ക് വര്‍ക്‌ഷോപ്പില്‍ നല്‍കാനായി എത്തിയപ്പോള്‍ വണ്ടി പാര്‍ക്ക് ചെയ്ത സ്ഥലത്തു കണ്ടെത്താനായില്ല. തുടര്‍ന്നു നടത്തിയ തെരച്ചിലില്‍ മുണ്ടക്കയം ബൈപാസ് റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എന്നാല്‍, ബൈക്കിന്‍റെ എന്‍ജിന്‍ ഭാഗം, ബാറ്ററി, ഒരു ടയര്‍ എന്നിവ നഷ്ടപ്പെട്ടിരുന്നു. സംഭവം സംബന്ധിച്ചു മുണ്ടക്കയം പോലീസില്‍ പരാതി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാഴ്ച മുമ്ബു മുണ്ടക്കയം ബസ് സ്റ്റാൻഡിനോടു ചേര്‍ന്നു പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കാണാതെ പോയിരുന്നു. പിന്നീടു നടത്തിയ അന്വേഷണത്തില്‍ ടൗണിനോടു ചേര്‍ന്നുതന്നെ മറ്റൊരു സ്ഥലത്തുനിന്നു കണ്ടെത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷവും മുണ്ടക്കയം ബസ് സ്റ്റാൻഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയിരുന്നു. സംഭവം നടന്നു ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനാവാതെ വന്നതോടെ ബൈക്കിന്‍റെ ഉടമസ്ഥൻതന്നെ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. തുടര്‍ന്നു ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എറണാകുളത്തു പോലീസ് പരിശോധനയ്ക്കിടെ മോഷ്ടാക്കള്‍ പിടിയിലാവുകയായിരുന്നു.

അതേസമയം കഴിഞ്ഞ ഏതാനും മാസങ്ങളായി മുണ്ടക്കയം ബൈപാസില്‍ സുരക്ഷ ഒരുക്കി സ്ഥാപിച്ചിരിക്കുന്ന കൈവരികളുടെ ഇരുമ്ബ് പൈപ്പ് മോഷണം പോകുന്നതും പതിവായിട്ടുണ്ട്. വഴിവിളക്കുകളുടെ അഭാവം മൂലം രാത്രികാലങ്ങളില്‍ ബൈപ്പാസ് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുന്നുണ്ട്. മോഷണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മുണ്ടക്കയം ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചും ബൈപാസ് കേന്ദ്രീകരിച്ചും രാത്രികാലങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.