
സ്വന്തം ലേഖകൻ
കൊച്ചി: ഉപഭോക്താവ് എന്ന വ്യാജേന സൂപ്പർ മാർക്കറ്റിൽ എത്തി മോഷണം നടത്തിയ അന്തർസംസ്ഥാന മോഷണ സംഘം പിടിയിൽ. മുംബൈ കല്യാൺ ഉല്ലാസ് നഗർ സ്വദേശികളായ മനീഷ് മക്യാജൻ (23), മെഹബൂബ് മുഹമ്മദ് ഷേക്ക് (24), അയാൻ മൊയ്തീൻ (26) എന്നിവരാണ് പിടിയിലായത്.
എറണാകുളം മരടിലെ ഒരു സൂപ്പർ മാർക്കറ്റിൽ ആണ് സംഭവം. ഇവിടെ നടന്ന മോഷണവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് സംഘം സൂപ്പർ മാർക്കറ്റിൽ എത്തി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സൂപ്പർമാർക്കറ്റിൽ എത്തിയ പ്രതികൾ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ഗില്ലറ്റ് ഉള്‍പ്പെടെയുള്ള കമ്പനികളുടെ വിലപിടിപ്പുള്ള കാട്രീജുകൾ മോഷ്ടിച്ച് വസ്ത്രങ്ങളുടെയും മറ്റും ഉള്ളിലാക്കി കടത്തിക്കൊണ്ടു പോകുന്നതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ മുൻപും പല തവണ ഇവിടെ സമാന രീതിയിൽ ഇവർ മോഷണം നടത്തിയതായി വ്യക്തമായി.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ സംസ്ഥാനത്തെ വിവിധ മാളുകൾ കേന്ദ്രികരിച്ച് സംഘം ഇത്തരം മോഷണം നടത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഈ മോഷണങ്ങളുടെ പിന്നിൽ മുംബൈ കേന്ദ്രീകരിച്ചുള്ള അന്തർസംസ്ഥാന മോഷണ സംഘം ആണെന്ന് മനസിലാക്കി പൊലീസ് സംഘം അന്വേഷണം നടത്തി വരികയായിരുന്നു.