മിടുമിടുക്കനായി സ്‌ളീപ്പർ ടിക്കറ്റെടുത്ത് ട്രെയിനിൽ കയറി മോഷണം: മോഷണത്തിന് ഇരയായ വിവരം യുവതി അറിയും മുൻപ് പൊലീസ് പ്രതിയെ പൊക്കി; ബാഗ് നഷ്ടമായ വിവരം പരാതിക്കാരി അറിഞ്ഞത് പൊലീസ് വിളിച്ചു പറയുമ്പോൾ

മിടുമിടുക്കനായി സ്‌ളീപ്പർ ടിക്കറ്റെടുത്ത് ട്രെയിനിൽ കയറി മോഷണം: മോഷണത്തിന് ഇരയായ വിവരം യുവതി അറിയും മുൻപ് പൊലീസ് പ്രതിയെ പൊക്കി; ബാഗ് നഷ്ടമായ വിവരം പരാതിക്കാരി അറിഞ്ഞത് പൊലീസ് വിളിച്ചു പറയുമ്പോൾ

സ്വന്തം ലേഖകൻ

കോട്ടയം: മിടുമിടുക്കനായി സ്‌ളീപ്പർ ടിക്കറ്റ് എടുത്ത് ട്രെയിനിൽ കയറി യാത്രക്കാരുടെ ബാഗും സ്വർണവും പണവും എടുത്ത് മടങ്ങുന്ന പ്രതിയെ മോഷണം നടന്നവിവരം ഇര അറിയും മുൻപ് പൊലീസ് പൊക്കി. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തി ബാഗ് തപ്പിയെടുക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് എത്തി മോഷണത്തിന് ഇരയായ വിവരം പറഞ്ഞപ്പോഴാണ് യുവതി തന്റെ ബാഗ് മോഷണം പോയ കഥയറിഞ്ഞത്. തുടർന്ന് കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ എത്തി പ്രതിയ്‌ക്കെതിരെ പരാതി എഴുതി നൽകി. ഇതോടെയാണ് സംസ്ഥാനത്തെ വിവിധ റെയിൽവേ പൊലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ പ്രതിയായ കൊല്ലം മയ്യനാട് പുള്ളിച്ചിറ തെക്കുംകര അജ്മൽ നിവാസിൽ ഇസ്മയിൽ കുഞ്ഞിന്റെ മകൻ ഐ.ഷാനവാസി (46)നെ റെയിൽവേ എസ്.ഐ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പൊക്കി അകത്തിട്ടത്. 
ബുധനാഴ്ച പുലർച്ചെ നാലു മണിയ്ക്ക് കോട്ടയം റെയിൽവേ സ്‌റ്റേഷനിലെത്തിയ ചെന്നൈ സൂപ്പർ ഫാസ്റ്റിലായിരുന്നു തന്ത്രപരമായി മോഷണം നടന്നത്. എസ്.13 കോച്ചിൽ ചെന്നെയിൽ നിന്നു കയറിയ തിരുവല്ല നിരണം മുതലപ്പുഴ ഹരിത വേണു നല്ല ഉറക്കത്തിലായിരുന്നു. രണ്ട് മൊബൈൽ ഫോൺ, തിരിച്ചറിയൽ കാർഡ്, എ.ടി.എം കാർഡ്, വാച്ച്, മൊബൈൽ ഫോണുകളുടെ ചാർജർ, മറ്റ് അനുബന്ധ രേഖകൾ 600 രൂപ എന്നിവ അടങ്ങിയ ബാഗ് തലയ്ക്കൽ വച്ചാണ് ഹരിത ഉറങ്ങിയത്. മോഷണം തന്നെ ലക്ഷ്യമിട്ട് കറങ്ങിയെത്തിയ ഷാനവാസിന്റെ കയ്യിൽ ബാഗ് തടഞ്ഞു. കൃത്യമായി മോഷണം നടത്തി, ഒന്ന് രണ്ട് തവണ കൂടി ട്രെയിനുള്ളിൽ കറങ്ങി എത്തെങ്കിലും ഒപ്പിക്കാനാവുമോ എന്ന് നോക്കിയ പ്രതി, പതിയെ തിരുവല്ല സ്റ്റേഷനിൽ ട്രെയിനിൽ നിന്നു പുറത്തിറങ്ങി. 
പ്‌ളാറ്റ് ഫോമിലൂടെ കറങ്ങി നടന്ന പ്രതിയെ പെട്രോളിംഗിന് എത്തിയ എ.എസ്.ഐമാരായ കുര്യൻ, മനോജ് , സിവിൽ പൊലീസ് ഓഫിസർ ഗിരീഷ് എന്നിവർ ചേർന്ന്  പിടിച്ചു നിർത്തി ആകെ ഒന്നു പരിശോധിച്ചു. തന്റെ ഭാര്യയുടെ ബാഗാണെന്നായിരുന്നു പ്രതിയുടെ മറുപടി. എങ്കിൽ ബാഗിനുള്ളിലെ വിലാസം പറയാനായി പൊലീസ്. ബ.. ബ.. ബ അടിച്ചതോടെ ബാഗിനുള്ളിലെ രണ്ട്ു ഫോണിന്റെയും നമ്പർ പറയാനായി പൊലീസ് ആഞ്ഞു പിടിച്ചു. ഇതോടെ കള്ളി വെളിച്ചതായി. തുടർന്ന് പ്രതിയുടെ ഫോട്ടോ എടുത്ത ശേഷം കുറ്റവാളികളെ തിരിച്ചറിയാനുള്ള റെയിൽവേ പൊലീസ് സേനാംഗങ്ങളുടെ ഗ്രൂപ്പിൽ ഇട്ടു. പിന്നാലെ കൃത്യമായി വിവരവും എത്തി. കോഴിക്കോട്ടും എറണാകുളത്തും വിവിധ മോഷണക്കേസുകളിൽ പ്രതിയാണ് ഇസ്മയിൽ. 
ട്രെയിൻ തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് ബാഗ് മോഷണം പോയതായി പരാതിക്കാരി തിരിച്ചറിഞ്ഞത്. തുടർന്ന് അടുത്ത ട്രെയിൻ ഇവരെ കോട്ടയത്ത് തിരികെ എത്തിച്ച് മൊഴിയെടുത്തു. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.