
വേലക്കാരിയായി ചോറിൽ കലർത്തിയത് വീര്യംകൂടിയ മയക്കുമരുന്ന്: വീട്ടമ്മയെ മയക്കി തട്ടിയത് സ്വർണവും പണവും: വയോധികയെ മയക്കി മോഷണം നടത്തിയ പ്രവീണ രണ്ടു മാസത്തോളം സുഖമായി കറങ്ങി നടന്നു; പൊലീസ് ബുദ്ധിയിൽ ഒടുവിൽ കുടുങ്ങി
ക്രൈം ഡെസ്‌ക്
കോട്ടയം: വേലക്കാരിയായി വന്ന് വയോധികയെ മയക്കി സ്വർണവും പണവും കവർന്ന കേസിൽ യുവതി പൊലീസ് പിടിയിലായി. അയൽവീട്ടിൽ ജോലിക്കെത്തിയതാണെന്ന് പരിചയപ്പെടുത്തിയെത്തി അതിരമ്പുഴ പടിഞ്ഞാറ്റുംഭാഗം കോട്ടമുറി പണ്ടാരക്കളം വീട്ടിൽ ജോസഫിന്റെ ഭാര്യ അമ്മിണി ജോസഫിന്റെ (85) സ്വർണവും പണവും കവർന്ന കേസിലാണ് കാണക്കാരി സ്വദേശി പിടിയിലായത്. കാണക്കാരി മഴുവനാക്കുന്നേൽ സനലിന്റെ ഭാര്യ പ്രവീണ (24)യെയാണ് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷം ഡിസംബർ 13 നായിരുന്നു കേസിനാസ്പദമായ സംഭവം. അയൽവാസിയുടെ വീട്ടിൽ ജോലിയ്ക്ക് എത്തിയതാണെന്നു പരിചയപ്പെടുത്തിയെത്തിയ യുവതി, അമ്മിണിയുടെ വീട്ടിൽ എത്തുകയായിരുന്നു. കുടിക്കാൻ വെള്ളം ആവശ്യപ്പെട്ട യുവതി വീടിനുള്ളിലേയ്ക്ക് കയറി. ഭക്ഷണം കഴിക്കാനെത്തിയ അമ്മിണിയ്ക്ക് ഇവർ ഭക്ഷണം വിളമ്പി നൽകി. ഇതിനു ശേഷം അമ്മിണി അബോധാവസ്ഥയിലാകുകയായിരുന്നു. ഫോൺ വിളിച്ചിട്ട് അമ്മയെ ലഭിക്കാതെ വന്നതോടെ മക്കൾ നടത്തിയ പരിശോധനയിലാണ് ഇവരെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് രണ്ടു ദിവസത്തോളം അമ്മിണി ആശുപത്രിയിൽ കഴിഞ്ഞു.
പിന്നീട്, വീട്ടിൽ നടത്തിയ പരിശോധനയിലാണ് സ്വർണമാല മോഷണം പോയതായി കണ്ടെത്തിയത്. തുടർന്ന് പൊലീസ് പ്രദേശത്തെ വീടുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഡിവൈ.എസ്പി ആർ.ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. ഇത്തരത്തിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എ.ജെ തോമസ്, എസ്.ഐ കെ.ആർ പ്രശാന്ത്കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രമോദ്, പി.എൻ മനോജ്, സിവിൽ പൊലീസ് ഓഫിസർ ബിജു പി.നായർ വനിതാ സിവിൽ പൊലീസർമാരായ ബീനാമ്മ, ബിന്ദു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കടുത്തുരുത്തി , കുറവിലങ്ങാട് പ്രദേശങ്ങളിൽ നേരത്തെ സമാന രീതിയിൽ മോഷണങ്ങൾ നടന്നിരുന്നു. ഈ സംഭവങ്ങളുമായി യുവതിയ്ക്ക് ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സംഘത്തിൽ കൂടുതൽ പ്രതികളുണ്ടോ എന്നും പരിശോധിക്കുന്നുണ്ട് പൊലീസ്.