പാറമ്പുഴ ഇറഞ്ഞാൽ റോഡിൽ പട്ടാപ്പകൽ വീട്ടിൽ വൻ മോഷണം: ബൈക്ക് നന്നാക്കാനെന്ന വ്യാജേനെ എത്തിയ മോഷ്ടാവ് ഏഴു പവനും ബൈക്കും കവർന്നു; സ്വർണം കവർന്നത് അലമാര കുത്തിത്തുറന്ന്

പാറമ്പുഴ ഇറഞ്ഞാൽ റോഡിൽ പട്ടാപ്പകൽ വീട്ടിൽ വൻ മോഷണം: ബൈക്ക് നന്നാക്കാനെന്ന വ്യാജേനെ എത്തിയ മോഷ്ടാവ് ഏഴു പവനും ബൈക്കും കവർന്നു; സ്വർണം കവർന്നത് അലമാര കുത്തിത്തുറന്ന്

സ്വന്തം ലേഖകൻ

കോട്ടയം: പാറമ്പുഴ ഇറഞ്ഞാൽ റോഡിൽ പട്ടാപ്പകൽ വൻ മോഷണം. വീട്ടിലെ അലമാരകുത്തിത്തുറന്ന പ്രതി ഏഴു പവൻ സ്വർണം കവർന്നു. വീടിനു മുന്നിലെ വർക്ക്‌ഷോപ്പിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ചെടുത്ത പ്രതി, താൻ വന്ന ബൈക്ക് വീട്ടിൽ ഉപേക്ഷിച്ച ശേഷമാണ് രക്ഷപെട്ടത്. 
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് ശേഷമായിരുന്നു സംഭവം. ഇറഞ്ഞാൽ കൊച്ചുപുരയ്ക്കൽ പ്രവീണിന്റെ വീട്ടിലാണ് മോഷ്ടാവ് കയറിയത്. പ്രവീണും അച്ഛൻ നാണപ്പനും, അമ്മ പൊന്നമ്മയും ഭാര്യയും കുട്ടികളുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. ക്ഷേത്രത്തിലെ ഉത്സവത്തിനായി ഭാര്യയും കുട്ടികളും പ്രവീണും പോയിരുന്നു. ശരീരം തളർന്ന് നാണപ്പൻ കിടപ്പിലാണ്. ഭാര്യ പൊന്ന്മ്മ മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. വീട്ടുമുറ്റത്ത് തന്നെ പ്രവീൺ വർക്ക്‌ഷോപ്പ് നടത്തുകയാണ്.  
ഈ സമയത്താണ് ബൈക്ക് നന്നാക്കാനെന്ന പേരിൽ യുവാവ് വീട്ടിലെത്തിയത്. പ്രവീൺ ഇപ്പോൾ എത്തുമെന്നും കാത്തിരിക്കാനും അമ്മ നിർദേശിച്ചു. തുടർന്ന് മുന്നിലെ വാതിൽ ചാരിയ ശേഷം പിൻവാതിലിലൂടെ അമ്മ മൈക്രോ ഫിനാൻസ് യോഗത്തിൽ പങ്കെടുക്കുന്നതിനായി പോയി. ഈ സമയം വാതിൽ തുറന്ന് അകത്ത് കയറിയ പ്രതി അലമാരി കുത്തിത്തുറന്ന് സ്വർണവും, പുറത്ത് നന്നാക്കാൻ വച്ചിരുന്ന സി.ഡി ഡീലക്‌സ് ബൈക്കുമായി മുങ്ങുകയായിരുന്നു. ഇയാൾ എത്തിയ യൂണിക്കോൺ ബൈക്ക് വീടിനു മുന്നിൽ ഉപേക്ഷിച്ച ശേഷമാണ് പ്രതി ഇവിടെ നിന്നും രക്ഷപെട്ടത്. ഇയാൾ ഉപയോഗിച്ച യൂണിക്കോൺ ബൈക്ക് മോഷ്ടിച്ചതാണെന്ന് പൊലീസ് പറഞ്ഞു. ഈസ്റ്റ് സി.ഐ ടി.ആർ ജിജു, എസ്.ഐ മഹേഷ് കുമാർ എന്നിവരുടെ നേതൃത്വത്ത്ിൽ പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.