മദ്യപിക്കാൻ കാശില്ല; ബാങ്ക് ജപ്തി ചെയ്ത വീട്ടിൽ പട്ടാപ്പകൽ മോഷണം..! നാലംഗ സംഘം പിടിയിൽ
സ്വന്തം ലേഖകൻ
തൊടുപുഴ: ബാങ്ക് ജപ്തി ചെയ്ത വീട്ടിൽ പട്ടാപ്പകൽ മോഷണം നടത്തിയ നാലംഗ സംഘത്തെ പിടികൂടി. മുട്ടം കരിക്കനാംപാറ ഭാഗത്ത് വാണിയപ്പുരയ്ക്കൽ മണികണ്ഠൻ (27), ഇയാളുടെ സഹോദരൻ കണ്ണൻ (37), മണ്ണാർക്കാട് പള്ളിക്കുന്ന് നെല്ലുകുഴി കുഴിമ്പാത്ത് വീട്ടിൽ ഷെമീർ (31), വെങ്ങല്ലൂർ പരുന്തുംകുന്നേൽ അനൂപ് (38) എന്നിവരാണ് അറസ്റ്റിലായത്.
മദ്യപിക്കാൻ പണം കണ്ടെത്താനാണ് പ്രതികൾ മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഓട്ടുരുളി ഉൾപ്പെടെയുള്ള സാധനങ്ങളാണ് ഇവർ ഇവിടെ നിന്നും മോഷ്ടിക്കാൻ ശ്രമിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓട്ടോറിക്ഷ ഡ്രൈവറുടെ സമയോചിതമായ പ്രവൃത്തി കൊണ്ടാണ് പൊലീസിന് പ്രതികളെ പിടികൂടാനായത്. മോഷ്ടിച്ച വലിയ ഓട്ടുരുളി വിൽപന നടത്താൻ ഓട്ടോറിക്ഷ വിളിച്ച് മോഷ്ടാവിലൊരാൾ യാത്ര ചെയ്യവേ സംശയം തോന്നി പൊലീസ് സ്റ്റേഷനിലേക്ക് ഓട്ടോറിക്ഷ ഓടിച്ചു കയറ്റിയതാണ് മോഷണം വെളിച്ചത്ത് കൊണ്ടുവരാൻ ഇടയാക്കിയത്.
ചോദ്യം ചെയ്യലിൽ 3 പേർ വീട്ടുപകരണങ്ങൾ അടുക്കിക്കൊണ്ടിരിക്കുകയാണെന്ന വിവരം ലഭിച്ചതിനെ തുടർന്ന് എസ്ഐ സിദ്ദീഖ് അബ്ദുൽ ഖാദർ സ്ഥലത്ത് എത്തിയാണ് മറ്റു പ്രതികളെ അറസ്റ്റ് ചെയ്തത്. ഇടുക്കി റോഡിലുള്ള ബാർ ഹോട്ടലിനു പിൻ ഭാഗത്തുള്ള വീട്ടിലാണ് ഇന്നലെ ഉച്ചയ്ക്ക് ഇവർ മോഷണം നടത്തിയത്.