
ആലുവ: പലചരക്ക് കടയുടെ പൂട്ട് തല്ലിപ്പൊളിച്ച് അകത്തുകയറി മോഷണം. ആലുവയിലെ തോട്ടുമുഖം പാലത്തിനു സമീപം പുത്തൻപുരയില്‍ അയൂബ് നടത്തുന്ന ‘ഷാ വെജിറ്റബിള്‍സ് ആൻഡ് ഫ്രൂട്സ്’ കടയിലുണ്ടായിരുന്ന സാധനങ്ങളാണ് മോഷണം പോയത്.
കള്ളൻ കടയുടെ പൂട്ട് തല്ലിപ്പൊളിച്ച് അകത്തുകയറുന്ന ദൃശ്യങ്ങള്‍ സിസിടിവില്‍ പതിഞ്ഞിട്ടുണ്ട്. ലിറ്ററിന് 600 രൂപ വിലയുള്ള മുന്തിയ ഇനം വെളിച്ചെണ്ണയാണ് കവർന്നത്. അതോടൊപ്പം പത്ത് പാക്കറ്റ് പാലും ഒരുപെട്ടി ആപ്പിളും ഇയാള്‍ കവർന്നു. ഒടുവില്‍ ഫ്രിജില്‍ നിന്ന് സോഫ്റ്റ് ഡ്രിങ്ക് കുടിച്ച് ക്ഷീണമകറ്റിയശേഷമാണ് കള്ളൻ സ്ഥലം വിട്ടത്. പോകുന്ന വഴിയില്‍ സിസിടിവി ശ്രദ്ധയില്‍പ്പെട്ടതോടെ അതിന്റെ കേബിള്‍ അറുത്ത് മാറ്റിയ ശേഷമാണ് കള്ളൻ കടയില്‍ നിന്നും പുറത്ത് ചാടിയത്.