സെക്യൂരിറ്റി മദ്യക്കുപ്പി മോഷ്ടിച്ചു: ഒടുവിൽ മൊബൈൽ ക്യാമറയിൽ കുടുങ്ങി; എരുമേലിയിലെ മദ്യ വിൽപ്പനശാലയിലെ മോഷ്ടാവ് കുടുങ്ങി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ആരും അറിയാതെ മദ്യക്കുപ്പികൾ അടിച്ച് മാറ്റി അരയിൽ തിരുകിയിരുന്ന മദ്യവിൽപന ശാലയിലെ സെക്യൂരിറ്റി ജീവനക്കാരൻ ജോസ് കടവുങ്കൽ
ജീവനക്കാരുടെ മൊബൈൽ ക്യാമറയിൽ കുടുങ്ങി. എരുമേലിയിലെ കൺസ്യൂമർ ഫെഡിന്റെ മദ്യവിൽപ്പനശാലയിൽ നിന്നും മദ്യക്കുപ്പികൾ മോഷ്ടിച്ച് അരയിൽ തിരുകി അടിച്ച് മാറ്റിയ സെക്യൂരിറ്റി ജീവനക്കാരനാണ് ജീവനക്കാർ സ്ഥാപിച്ച മൊബൈൽ കാമറയിൽ കുടുങ്ങിയത്. ഇത്തരത്തിൽ പതിനയ്യായിരം രൂപയ്ക്ക് മുകളിലുള്ള മദ്യക്കുപ്പികൾ ഇയാൾ മോഷ്ടിച്ചിട്ടുള്ളതായാണ് സൂചന. കഴിഞ്ഞ ദിവസം എരുമേലിയിലെ കൺസ്യൂമർ ഫെഡിന്റെ മദ്യവിൽപ്പന ശാലയിലായിരുന്നു സംഭവം. ഇവിടെ നിന്ന് സ്ഥിരമായി മദ്യക്കുപ്പികൾ കാണാതായിരുന്നു. ഇവിടുത്തെ ഷോപ്പിൽ പുതുതായി എത്തിയ ജീവനക്കാരെ സംശയം തോന്നിയതിനെ തുടർന്ന് ഒരു വിഭാഗം ജീവനക്കാർ സ്ഥാപനത്തിനുള്ളിൽ മൊബൈൽ ക്യാമറ സ്ഥാപിക്കുകയായിരുന്നു. എന്നാൽ, മദ്യത്തിന്റെ കേസ് എടുക്കുന്നതിനിടെ കുപ്പി അടിച്ചുമാറ്റുന്ന സെക്യൂരിറ്റി ജീവനക്കാരന്റെ വീഡിയോയാണ് ക്യാമറയിൽ കുടുങ്ങിയത്. പല തവണയായി 16,000 രൂപയുടെ മദ്യം ഇയാൾ തട്ടിയെടുത്തതായി സംശയിക്കുന്നു. ഇയാളെ പുറത്താക്കിയ വകുപ്പ് അധികൃതർ എരുമേലി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ സംഭവം ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്.