play-sharp-fill
മോഷണ മുതലുമായി കള്ളൻ കൈ കാണിച്ചത് പോലീസ് ജീപ്പിന് ; പെട്ടുവെന്ന് മനസ്സിലാക്കിയപ്പോൾ മോഷണമുതൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു

മോഷണ മുതലുമായി കള്ളൻ കൈ കാണിച്ചത് പോലീസ് ജീപ്പിന് ; പെട്ടുവെന്ന് മനസ്സിലാക്കിയപ്പോൾ മോഷണമുതൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ

ബദിയടുക്ക :ശർമിള ജ്വല്ലറിയിൽ നിന്നും മോഷണം പോയ പണമാണ് പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട യുവാവിന്റെ ബാഗിലുണ്ടായിരുന്നതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. ഇക്കഴിഞ്ഞ ജൂൺ 28ന് വെള്ളിയാഴ്ച വൈകിട്ടാണ് ബദിയടുക്ക ബസ് സ്റ്റാൻഡ് പരിസരത്തെ ഉമേശ് ആചാര്യയുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയിൽ കവർച്ച നടന്നത്. ജ്വല്ലറിയുടെ ഷട്ടർ താഴ്ത്തി സമീപത്തെ ഹോട്ടലിലേക്ക് പോയതായിരുന്നു ഉമേശ് ആചാര്യ.ഈ സമയത്താണ് ജ്വല്ലറിയിൽ കവർച്ച നടന്നത്. നാല് കിലോ വെള്ളിയും 50,000 രൂപയുമാണ് മോഷണം പോയത്. അന്നു രാത്രി 11.30 ന് മഞ്ചേശ്വരത്താണ് ദൂരെ നിന്നു വരുന്ന വാഹനം കണ്ട് മംഗളൂരുവിലേക്ക് പോകാൻ യുവാവ് ജീപ്പിന് കൈ കാണിച്ചത്. വാഹനം അടുത്തെത്തിയപ്പോൾ ഹൈവേ പോലീസാണെന്നറിഞ്ഞതോടെ യുവാവ് പതറി. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യുവാവിനെ പോലീസ് ചോദ്യം ചെയ്യാൻ ആരംഭിച്ചതോടെയാണ് ബാഗ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടത്.തുടർന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് 35,000 രൂപയും നാല് മൊബൈലുകളും കണ്ടെത്തിയത്. 10, 50, 100 രൂപ നോട്ടുകളാണ് ബാഗിലുണ്ടായിരുന്നതെന്ന് ഉമേശ് ആചാര്യ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഇങ്ങനെയാണ് മോഷണ തുക ആചാര്യയുടെതെന്നാണ് തിരിച്ചറിഞ്ഞത്.