കോട്ടയം: വൈക്കം കിഴക്കേനടയിലെ കിളിയാട്ടുനടയില്‍ നിർമിക്കുന്ന മള്‍ട്ടിപ്ലക്സ് തിയറ്റർ സമുച്ചയത്തിന്‍റെ നിർമ്മാണം അന്തിമ ഘട്ടത്തിലേക്ക്. സിനിമാ പ്രദർശനം ഓണത്തിന് ആരംഭിക്കാൻ ലക്ഷ്യമിട്ടാണ് നിർമാണ പ്രവർത്തനങ്ങള്‍ നടന്നുവരുന്നത്.
കിഫ്ബിയില്‍നിന്ന് അനുദിച്ച 14.71 കോടി രൂപ ഉപയോഗിച്ച് വൈക്കം ഫയർ സ്റ്റേഷനു സമീപത്ത് നഗരസഭ കൈമാറി നല്‍കിയ 80 സെന്‍റ് സ്ഥലത്താണ് മള്‍ട്ടിപ്ലക്‌സ് തിയറ്റർ സമുച്ചയം ഉയരുന്നത്. 2023 ഫെബ്രുവരി 10നാണ് നിർമാണ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചത്. ഏകദേശം 20,000 ചതുരശ്ര അടിയോളം വിസ്തീര്‍ണമുള്ള ഈ സമുച്ചയം 2024 ഫെബ്രുവരി 9നകം പൂർത്തിയാക്കുമെന്നായിരുന്നു കരാർ. നിർമാണ പ്രവർത്തനങ്ങള്‍ വേഗത്തിലായിരുന്നുവെങ്കിലും ചില സാങ്കേതിക തടസ്സങ്ങൾ മൂലം നിർമാണ പ്രവർത്തനങ്ങള്‍ നിശ്ചിത കാലാവധി കഴിഞ്ഞും നീളാൻ കാരണമായി.
പുതിയ തിയറ്റർ സമുച്ചയത്തില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ രണ്ടു തിയറ്ററുകളുണ്ടാകും. ഷോപ്പിംഗ്, ഭക്ഷണസാധനങ്ങൾ, വിശ്രമം എന്നിവക്ക് അനുയോജ്യമായ സൗകര്യങ്ങളോടെ ഒരു സമഗ്ര വിനോദ കേന്ദ്രമായി ഈ തിയറ്ററിനെ വികസിപ്പിക്കുകയാണ് കെഎഫ്ഡിസി അധികൃതരുടെ ലക്ഷ്യം. തിയറ്ററിന് സമീപമുള്ള പ്രധാന റോഡുമായി ബന്ധപ്പെട്ട് 12 മീറ്റർ വീതിയുള്ള റോഡും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായുള്ള സൗകര്യവും നഗരസഭ സജ്ജമാക്കിയിട്ടുണ്ട്. കെഎഫ്ഡിസി നേതൃത്വത്തിൽ നിർമിക്കപ്പെടുന്ന തിയറ്ററിന്റെ നിർമാണക്കരാർ ഏറ്റെടുത്തിരിക്കുന്നത് ജെ ആൻഡ് ജെ അസോസിയേറ്റ്സാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group