സ്വന്തം ലേഖിക
മുണ്ടക്കയം: വെള്ളനാടി മൂരിക്കയം പ്രദേശത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തി കാട്ടാനക്കൂട്ടം.
ഇന്നലെ പുലര്‍ച്ചെ തോട്ടം തൊഴിലാളികളാണ് കാട്ടാനകളെ ആദ്യം കാണുന്നത്. ഒരു പിടിയാനയും ഒരു കുട്ടിക്കൊമ്പനുമാണ് മണിമലയാറ്റിലെ മൂരിക്കയത്ത് രാവിലെ മുതല്‍ നിലയുറപ്പിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുണ്ടക്കയം ടൗണില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം ദൂരത്തില്‍ കാട്ടാനക്കൂട്ടമെത്തിയതോടെ ഭീതി പട്ടണങ്ങളിലേക്കും വ്യാപിച്ചു. നിരവധിതവണ പുലിക്കുന്ന്, കണ്ണിമല പ്രദേശങ്ങളില്‍ കാട്ടാനക്കൂട്ടത്തെ കണ്ടിട്ടുണ്ടെങ്കിലും ജനവാസ മേഖലയിലേക്ക് കാട്ടാനകള്‍ എത്തുന്നത് ഇതാദ്യമായാണ്.
വണ്ടന്‍പതാലില്‍ നിന്നുള്ള ഫോറസ്റ്റ് സംഘത്തിന്റെയും മുണ്ടക്കയം പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ആനയെ വനത്തിലേക്ക് കയറ്റിവിടാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് മുറിഞ്ഞപുഴ ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ നിന്ന് കൂടുതല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി വെടിപൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ആനയെ ജനവാസ മേഖലയില്‍ നിന്ന് തുരത്താന്‍ ശ്രമിച്ചെങ്കിലും ഈ ശ്രമവും പാഴാകുകയായിരുന്നു.
ഇതിനിടെ ആറ്റില്‍ നിലയുറപ്പിച്ച കാട്ടാനകളെ കാണുവാനായി ആറിന് ഇരുകരകളിലുമായി ആളുകളും തടിച്ചുകൂടി. രാത്രി 7.30ാടെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, പോലീസ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മണിമലയാറ്റില്‍ നിന്ന് ആനകളെ സമീപത്തെ റബര്‍ തോട്ടത്തിലേക്ക് കയറ്റിവിട്ടു. ഫോറസ്റ്റ് അധികൃതരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ പ്രദേശത്ത് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി മേഖലയില്‍ കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നു. കഴിഞ്ഞദിവസം പുലിക്കുന്ന് താന്നിക്കപ്പതാല്‍ മേഖലയില്‍ ആനകളെ കാണുകയും വനംവകുപ്പിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തി വനത്തിലേക്ക് തിരിച്ചയക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.
കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം 18ന് വൈകുന്നേരം നാലിന് മുണ്ടക്കയം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ക്കുമെന്ന് എംഎല്‍എ അറിയിച്ചു.
സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികള്‍ സ്ഥലം
സന്ദര്‍ശിച്ചു.