play-sharp-fill
രജനിയുടെ വേട്ടൈയനുമായി ക്ലാഷ് വരാതിരിക്കാൻ മാറ്റിവെച്ച’കങ്കുവ’ റിലീസ് തീയതി പ്രഖ്യാപിച്ചു

രജനിയുടെ വേട്ടൈയനുമായി ക്ലാഷ് വരാതിരിക്കാൻ മാറ്റിവെച്ച’കങ്കുവ’ റിലീസ് തീയതി പ്രഖ്യാപിച്ചു

സൂര്യയുടേതായി സ്ക്രീനില്‍ എത്താനിരിക്കുന്ന ബിഗ് കാന്‍വാസ് ചിത്രമാണ് കങ്കുവ. സംവിധായകന്‍ ശിവയുടെയും സൂര്യയുടെയും കരിയറുകളിലെ ഏറ്റവും വലിയ ചിത്രം.ഒക്ടോബര്‍ 10 ന് തിയറ്ററുകളില്‍ എത്താനിരുന്ന ചിത്രമാണിത്. എന്നാല്‍ രജനികാന്ത് ചിത്രം വേട്ടൈയനുമായി ക്ലാഷ് വരുന്നത് ഒഴിവാക്കാന്‍‌ പിന്നീട് റിലീസ് നീട്ടി. എന്നാല്‍ കങ്കുവ എന്ന് കാണാന്‍ പറ്റുമെന്ന സൂര്യ ആരാധകരുടെ ആകാംക്ഷയ്ക്ക് ഉത്തരമായി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ അണിയറക്കാര്‍.

ആദ്യം പ്രഖ്യാപിച്ചിരുന്നതില്‍ നിന്ന് ഒരു മാസത്തിന് അപ്പുറം ചിത്രം തിയറ്ററുകളിലെത്തും. നവംബര്‍ 14 ആണ് റിലീസ് തീയതി. ഫാന്‍റസി ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ശിവയ്ക്കൊപ്പം ആദി നാരായണയും മദന്‍ ഗാര്‍ഗിയും ചേര്‍ന്നാണ്. സ്റ്റുഡിയോ ഗ്രീന്‍, യു വി ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ കെ ഇ ജ്ഞാനവേല്‍ രാജ, വി സംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപതി, അബ്ദുള്ള അല്‍ സാജിദ് എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.


നേരത്തെ രജനി ചിത്രത്തിനുവേണ്ടി കങ്കുവയുടെ റിലീസ് തീയതി മാറ്റുകയാണെന്ന് സൂര്യ പ്രഖ്യാപിച്ചത് മെയ്യഴകന്‍ എന്ന സിനിമയുടെ ഓഡിയോ ലേഞ്ച് വേദിയില്‍ ആയിരുന്നു. സൂര്യയുടെ വാക്കുകള്‍ ശ്രദ്ധ നേടിയിരുന്നു- “ഒക്ടോബര്‍ 10ന് വേട്ടൈയന്‍ വരികയാണ്. ഞാന്‍ ജനിക്കുന്ന സമയത്ത് സിനിമയില്‍ വന്നയാളാണ് അദ്ദേഹം (രജനികാന്ത്). കഴിഞ്ഞ 50 വര്‍ഷമായി നമ്മുടെ തമിഴ് സിനിമയുടെ അടയാളമാണ് അദ്ദേഹം. ഒക്ടോബര്‍ 10 ന് അദ്ദേഹത്തിന്‍റെ പടം വരുന്നതാണ് ശരിയെന്ന് ഞാന്‍ കരുതുന്നു. നിങ്ങളും എനിക്കൊപ്പം ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. കങ്കുവ ഒരു കുഞ്ഞ് ആണ്. അത് ജനിക്കുന്ന ദിവസം അതൊരു ആഘോഷമാക്കുന്നതിന് നിങ്ങള്‍ എനിക്കൊപ്പം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ സ്നേഹബഹുമാനങ്ങള്‍ എപ്പോഴും വേണം. രണ്ടര വര്‍ഷത്തിലധികമായി ആയിരം പേരിലധികം തമിഴ് സിനിമയ്ക്ക് ഒരു സ്പെഷല്‍ സിനിമ കൊടുക്കണമെന്നാഗ്രഹിച്ച്‌ രാപ്പകലില്ലാതെ അധ്വാനിക്കുന്നു. ആ അധ്വാനം പാഴാവരുതെന്ന് ഞാന്‍ കരുതുന്നു”, എന്നായിരുന്നു സൂര്യയുടെ വാക്കുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group