play-sharp-fill
ഏറ്റുമാനൂരിലെ വീട്ടിൽ നിന്നും സ്വർണവും പണവും കവർന്ന കേസിലെ പ്രതി എട്ടാം ദിവസം പിടിയിൽ; പിടിയിലായത് സംസ്ഥാനത്തെമ്പാടും കേസുകളുള്ള പകൽ മോഷ്ടാവ് ഉണ്ണിക്കണ്ണൻ

ഏറ്റുമാനൂരിലെ വീട്ടിൽ നിന്നും സ്വർണവും പണവും കവർന്ന കേസിലെ പ്രതി എട്ടാം ദിവസം പിടിയിൽ; പിടിയിലായത് സംസ്ഥാനത്തെമ്പാടും കേസുകളുള്ള പകൽ മോഷ്ടാവ് ഉണ്ണിക്കണ്ണൻ

സ്വന്തം ലേഖകൻ

കോട്ടയം: ജൂൺ 11 ന് ഏറ്റുമാനൂരിലെ വീട്ടിൽ നിന്നും 14 പവനും പതിനായിരം രൂപയും മോഷ്ടിച്ച കേസിൽ സംസ്ഥാനത്തെമ്പാടും കേസുകളുള്ള പകൽ മോഷ്ടാവ് പിടിയിലായി. ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പകൽ സമയത്ത് മൊബൈൽ ഫോൺ ഓഫ് ചെയ്ത ശേഷം മോഷണത്തിനിറങ്ങിയിരുന്ന ആലപ്പുഴ പട്ടണക്കാട് വാടകയ്ക്ക് താമസിക്കുന്ന കൊട്ടാരക്കര കരീപ്ര ഇടയ്ക്കിടം അഭിവിഹാറിൽ എസ്.അഭിരാജി (ഉണ്ണിക്കണ്ണൻ -26)നെയാണ് ഏറ്റുമാനൂർ സി.ഐ എസ്.മഞ്ജുലാൽ അറസ്റ്റ് ചെയ്തത്.
ജൂൺ 11 ന് ഏറ്റുമാനൂർ നീണ്ടൂർ കോട്ടമുറി ഭാഗത്തെ വീട്ടിലാണ് പ്രതി മോഷണം നടത്തിയത്. വീടിന്റെ വാതിൽ തകർക്ക് അകത്ത് കയറിയ പ്രതി സ്വർണവും പണവും കവരുകയായിരുന്നു. പ്രതിയെപ്പറ്റി കൃത്യമായ സൂചനകളൊന്നുമില്ലാതിരുന്ന കേസിൽ സി.സി.ടി.വി ദൃശ്യങ്ങളാണ് നിർണ്ണായകമായത്. മുൻപ് മോഷണക്കേസുകളിൽ പ്രതിയായിരുന്ന ഉണ്ണിക്കണ്ണൻ സംഭവ ദിവസം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ എത്തിയിരുന്നതായി സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും പ്രതിയെ തിരിച്ചറിയുകയായിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശാനുസരണം പൊലീസ് സംഘം സി.സി.ടി.വി ക്യാമറ പരിശോധിച്ച് പ്രതി ഏറ്റുമാനൂരിൽ എത്തിയിരുന്നതായി ഉറപ്പിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.  എസ്.ഐ എം.പി ബേബി, ആന്റി ഗുണ്ടാ സ്ക്വാഡിലെ എസ്.ഐ ടി.എസ് റെനീഷ്  സെല്ലിലെ മനോജ്, ജില്ലാ പൊലീസ് മേധാവിയുടെ ആന്റി ഗുണ്ടാ സ്‌ക്വാഡ് അംഗങ്ങളായ എസ്.അജിത്, വി.എസ് ഷിബുക്കുട്ടൻ, ഐ.സജികുമാർ, സജമോൻ ഫിലിപ്പ്, പി.എൻ മനോജ്  എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
രാവിലെ ആറരയോടെ വീട്ടിൽ നിന്നും ഇറങ്ങിയിരുന്ന പ്രതി പകൽ സമയത്ത് മാത്രമാണ് മോഷണം നടത്തിയിരുന്നത്. വൈകിട്ട് ഏഴു മണിയോടെ മോഷണം അവസാനിപ്പിച്ച് ഇയാൾ തിരികെ വീട്ടിൽ എത്തുകയും ചെയ്യും. വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത ശേഷമാണ് ഇയാൾ കറങ്ങിയിരുന്നത്. തുടർന്ന് വീടുകളിൽ നിന്നും ആളുകൾ പുറത്തു പോകുന്നുണ്ടോ എന്ന് നിരീക്ഷിക്കും. വീട്ടിൽ നിന്നും ആളുകൾ പുറത്ത് പോകുന്നത് കണ്ടില്ലെങ്കിൽ വീട്ടു മുറ്റത്തെ ചെരുപ്പ് നിരീക്ഷിക്കും. തുടർന്ന് കോളിംങ് ബെൽ അടിച്ച് ആളില്ലെന്ന് ഉറപ്പാക്കും. ബെല്ലടിക്കുമ്പോൾ ആരെങ്കിലും പുറത്തെത്തിയാൽ ഉടൻ ഏതെങ്കിലും വീടിന്റെ വിലാസം ചോദിച്ച് രക്ഷപെടുകയും ചെയ്യും.
ആളില്ലന്ന് ഉറപ്പാക്കിയാൽ ഉടൻ തന്നെ വീടിന്റെ ജനൽ തുറന്ന് ലോക്ക് എവിടെയാണെന്ന് കണ്ടെത്തും. ജനലിലൂടെ വാതിലിന്റെ ലോക്ക് കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ മൊബൈൽ ഫോൺ ഉള്ളിലേയ്ക്ക് കയറ്റി ലോക്കിന്റെ ചിത്രം പകർത്തും. തുടർന്ന് കമ്പ് ഉപയോഗിച്ച് ലോക്കിൽ കയർ കൊളുത്തി ലോക്ക് അഴിച്ചു മാറ്റി അകത്തു കടന്ന് മോഷണം നടത്തും. മോഷ്ടിച്ചു കടത്തിയിരുന്ന പണം ആർഭാട ജീവിതത്തിനാണ് ഇയാൾ ഉപയോഗിച്ചിരുന്നത്.
കൊട്ടാരക്കര, ചടയമംഗലം, പുനലൂർ, അടൂർ, പൂച്ചാക്കൽ, കുന്നത്തുനാട്, പിറവം, കോലഞ്ചേരി, ചോറ്റാനിക്കര, തടിയിട്ടപറമ്പ്, കുറുപ്പംപടി എന്നിവ അടക്കം സംസ്ഥാനത്തെ 24 പൊലീസ് സ്‌റ്റേഷനുകളിൽ ഉണ്ണിക്കണ്ണനെതിരെ പൊലീസ് കേസ് നിലവിലുണ്ട്. ചെങ്ങന്നൂർ അങ്ങാടിക്കൽ ഭാഗത്ത് ആളില്ലാത്ത വീട്ടിൽ നിന്നും ആറു പവനും പണവും, തിരുവല്ല നന്നൂർ ഭാഗത്തെ വീട്ടിൽ നിന്നും പത്തു പവനും, 6500 രൂപയും, കോന്നി ചിറ്റൂർ മുക്കിലെ വീട്ടിൽ 35,000 രൂപയും , വൈക്കം ഉദയനാപുരത്തെ വീട്ടിൽ നിന്നും 8000 രൂപയും മോഷ്ടിച്ചതായി പ്രതി പൊലീസിനോടു സമ്മതിച്ചു. മറ്റൊരു മോഷണക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന പ്രതി ഏപ്രിലിലാണ് ജാമ്യത്തിലിറങ്ങിയത്. ഇതിന് ശേഷമാണ് പ്രതി മോഷണം നടത്തിയത്. ജില്ലാ പൊലീസ് പിടികൂടിയപ്പോഴാണ് ഈ കേസ് തെളിഞ്ഞത്.