
തൊമ്മൻകുത്ത് സെന്റ് തോമസ് ഇടവക നാരങ്ങാനത്തെ കൈവശഭൂമിയില്‍ സ്ഥാപിച്ച കുരിശ് പിഴുത സംഭവം: കാളിയാര്‍ റേഞ്ച് ഓഫീസിലേക്ക് 19ന് വിശ്വാസികളുടെ മാര്‍ച്ച് ; കുരിശ് തകർത്ത വനംവകുപ്പ് ഉദ്യോഗസ്ഥൻ, തെറ്റായ റിപ്പോർട്ട് നല്‍കിയ വണ്ണപ്പുറം വില്ലേജ് ഓഫീസർ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം
തൊടുപുഴ: തൊമ്മൻകുത്ത് സെന്റ് തോമസ് ഇടവക നാരങ്ങാനത്തെ കൈവശഭൂമിയില്‍ സ്ഥാപിച്ച കുരിശ് വനംവകുപ്പ് പിഴുത് മാറ്റിയ സംഭവത്തില്‍ പ്രതിഷേധിച്ച് 19ന് കാളിയാർ റേഞ്ച് ഓഫീസിലേക്ക് വിശ്വാസികളുടെ നേതൃത്വത്തില്‍ മാർച്ച് നടത്തുമെന്ന് പള്ളി വികാരി ഫാ.ജെയിംസ് ഐക്കരമറ്റം വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
കൈവശഭൂമിയില്‍ കടന്നുകയറി കുരിശ് തകർത്ത വനംവകുപ്പ് ഉദ്യോഗസ്ഥൻ, തെറ്റായ റിപ്പോർട്ട് നല്‍കിയ വണ്ണപ്പുറം വില്ലേജ് ഓഫീസർ എന്നിവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. രാവിലെ 10ന് കാളിയാർ സെന്റ് റീത്താസ് ഫൊറോന പള്ളിയങ്കണത്തില്‍ നിന്ന് മാർച്ച് ആരംഭിക്കും. ഫൊറോനയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള നൂറുകണക്കിനു വിശ്വാസികള്‍ പങ്കു ചേരും.
നീതി ലഭിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകും. സമരത്തിന് മുന്നോടിയായി ഫൊറോനയിലെ ഇടവകകളിലെ ആളുകളില്‍ നിന്ന് ഒപ്പുശേഖരിച്ച് മുഖ്യമന്ത്രിക്ക് കൈമാറും. നേരത്തെ നടത്തിയ സമരങ്ങളുടെ തുടർച്ചയായാണ് വനംവകുപ്പ് ഓഫീസ് മാർച്ച് നടത്തുന്നത്. കുരിശ് തകർത്ത സംഭവത്തില്‍ നേരത്തെ തൊമ്മൻകുത്ത് ടൗണില്‍ പന്തംകൊളുത്തി പ്രകടനവും 40-ാം വെള്ളിയാഴ്ച തൊമ്മൻകുത്ത് ഇക്കോടൂറിസം കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ചും നടത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനംവകുപ്പിന്റെ ജണ്ടയ്ക്ക് പുറത്തുള്ള കൈവശഭൂമി മൂന്നു തവണ കൈമറിഞ്ഞാണ് പള്ളിയ്ക്ക് ലഭിക്കുന്നത്. ഈ സ്ഥലത്തിന് ഉള്‍പ്പെടെ പട്ടയത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നവരാണ്. മൈത്രി ഭവനനിർമാണ പദ്ധതിയില്‍ നിർമിച്ച വീടും ഇവിടെയുണ്ടായിരുന്നു. ഈ വീടിന് നമ്ബറും ലഭിച്ചിരുന്നു. വസ്തുതകള്‍ ഇതായിരിക്കെ നോട്ടീസ് പോലും നല്‍കാതെ പൊലീസ് സാന്നിധ്യത്തില്‍ കുരിശ് തകർക്കുകയായിരുന്നു. ഇതോടൊപ്പം പ്രദേശത്ത് വനംവകുപ്പിന്റെ കടന്നുകയറ്റം അവസാനിപ്പിക്കണമെന്നും പട്ടയഭൂമിയിലെ മരങ്ങള്‍ മുറിച്ചുനീക്കിയാല്‍ പോലും കേസെടുക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തില്‍ പള്ളിയിലെ കൈക്കാരൻ ജോണി ഇല്ലിക്കല്‍, ഇടവകാംഗം മനോജ് മാമല എന്നിവരും പങ്കെടുത്തു.