
കൊച്ചി : ഷാരോണ്‍ വധക്കേസില്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച വധശിക്ഷക്കെതിരായ പ്രതി ഗ്രീഷ്മയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
സെഷന്‍സ് കോടതി പുറപ്പെടുവിച്ച ശിക്ഷാവിധി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇത് പരിഗണിച്ച കോടതി എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. കേസിലെ മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മ്മലകുമാരന്‍ നായര്‍ക്ക് വിചാരണക്കോടതി അനുവദിച്ച ജാമ്യവും ഹൈക്കോടതി ശരിവച്ചിട്ടുണ്ട്.
ഗ്രീഷ്മ ചെയ്തത് കൊടു കുറ്റകൃത്യമാണെന്നും സമര്‍ത്ഥമായാണ് ഷാരോണിനെ കൊല ചെയ്തതെന്നുമാണ് വധശിക്ഷ നല്‍കിയ കോടതി വിധിയില്‍ പറഞ്ഞിരിക്കുന്നത്. മരണം വരെ ഷാരോണ്‍ ഗ്രീഷ്മയെ വിശ്വസിച്ചിരുന്നു. അതുകൊണ്ടാണ് മരണമൊഴിയില്‍ പോലും ഗ്രീഷ്മയുടെ പേര് പറയാതിരുന്നത്. എന്നാല്‍ ആ വിശ്വാസത്തെയാണ് ഗ്രീഷ്മ വഞ്ചിച്ചത്. പ്രായം പരിഗണിക്കണമെന്ന ഗ്രീഷ്മയുടെ ആവശ്യവും കോടതി തള്ളിയിരുന്നു. 11 ദിവസം ഒരു തുള്ളിവെള്ളം ഇറക്കാന്‍ കഴിയാതെ ആന്തരീകാവയവങ്ങള്‍ അഴുകിയാണ് ഷാരോണ്‍ മരിച്ചത്. ആ വേദനയക്ക് അപ്പുറമല്ല പ്രതിയുടെ പ്രായമെന്നായിരുന്നു കോടതിയുടെ പരാമര്‍ശം. നിലവില്‍ അട്ടക്കുളങ്ങര വനിതാ ജയിലിലാണ് ഗ്രീഷ്മയുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group