
പിതാവിന്റെ പേരിലുള്ള സ്വാതന്ത്ര്യ സമര പെൻഷൻ വിവാഹ മോചിതയായ മകള്‍ക്ക് നിഷേധിക്കരുതെന്ന് ഹൈക്കോടതി; നല്ല നിലയില്‍ കഴിയുന്ന സഹോദരന്മാര്‍ സഹോദരിയെ പരിപാലിക്കുമെന്ന ധാരണയിലാണ് ഹര്‍ജിക്കാരിയുടെ അപേക്ഷ നിരസിച്ചതെന്ന് സര്‍ക്കാര്‍; എന്നാല്‍ ഊഹങ്ങളല്ല, വസ്തുതകളാണ് പരിഗണിക്കേണ്ടതെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം
സ്വന്തം ലേഖകൻ
കൊച്ചി: പിതാവിന്റെ പേരിലുള്ള സ്വാതന്ത്ര്യ സമര പെൻഷൻ വിവാഹ മോചിതയായ മകള്‍ക്ക് നിഷേധിക്കരുതെന്നു ഹൈക്കോടതി. കോഴിക്കോട് സ്വദേശിയും അന്തരിച്ച സ്വാതന്ത്ര്യ സമരസേനാനി ടി. അച്യുതന്റെ മകളുമായ നീന നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇതു വ്യക്തമാക്കിയത്. സഹോദരന്മാര്‍ നല്ലനിലയിലാണെന്നും അവര്‍ പരിരക്ഷിക്കുമെന്നുമുള്ള കാരണംകാട്ടിയാണ് സര്‍ക്കാര്‍ പെൻഷൻ തടഞ്ഞത്. എന്നാല്‍ സര്‍ക്കാരിന്റെ നടപടിയെ കോടതി വിമര്‍ശിച്ചു.
നല്ല നിലയില്‍ കഴിയുന്ന സഹോദരന്മാര്‍ സഹോദരിയെ പരിപാലിക്കുമെന്ന ധാരണയിലാണ് ഹര്‍ജിക്കാരിയുടെ അപേക്ഷ നിരസിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ ഊഹങ്ങളല്ല, വസ്തുതകളാണ് പരിഗണിക്കേണ്ടതെന്ന് പറഞ്ഞ ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചു. അപേക്ഷ നിരസിച്ചതിനെതിരെ നീന നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ റദ്ദാക്കിയ ഹൈക്കോടതി അപേക്ഷ നാലുമാസത്തിനകം സര്‍ക്കാര്‍ വീണ്ടും പരിഗണിച്ചു തീരുമാനമെടുക്കാൻ ഉത്തരവിട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍ക്കാര്‍ ഉത്തരവിലുള്ളത് അനുമാനമാണെന്നും എല്ലാക്കാലത്തും സഹോദരന്മാര്‍ സഹോദരിമാരെ സംരക്ഷിക്കുമെന്നത് നീതികരിക്കാവുന്ന ധാരണയല്ലെന്നും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി.
പിതാവിനു ലഭിച്ചു കൊണ്ടിരുന്ന പെൻഷന് അദ്ദേഹത്തിന്റെ ആശ്രിതയെന്ന നിലയില്‍ വിവാഹ മോചിതയായ തനിക്ക് ലഭിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ സമ്ബന്നരായ സഹോദരന്മാര്‍ സഹോദരിയെ സംരക്ഷിക്കുമെന്ന് അനുമാനിച്ചതില്‍ തെറ്റില്ലെന്നും ചട്ടപ്രകാരം, ഏറ്റവും അര്‍ഹതയുള്ള വിഭാഗത്തില്‍ ഹര്‍ജിക്കാരി ഉള്‍പ്പെടുന്നില്ലെന്നും സര്‍ക്കാര്‍ വാദിച്ചു.
സഹോദരിയായതിനാല്‍ എല്ലാക്കാലവും സഹോദരന്മാരെ ആശ്രയിക്കണമെന്നത് ഇക്കാലത്ത് അംഗീകരിക്കാനാവില്ലെന്നു പറഞ്ഞ ഹൈക്കോടതി പുരുഷാധിപത്യപരമായ നിഗമനമാണിതെന്നും അഭിപ്രായപ്പെട്ടു. ഊഹങ്ങള്‍ അനുസരിച്ചല്ല, വസ്തുതകളാണ് പരിഗണിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.