
കൂട്ടിക്കല്‍, കൊക്കയാര്‍ പഞ്ചായത്തുകളുടെ ആളൊഴിഞ്ഞ ഇടങ്ങളും പൊതുനിരത്തുകളും സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുന്നു; പ്രദേശവാസികളും യാത്രക്കാരും ബുദ്ധിമുട്ടിൽ
സ്വന്തം ലേഖകൻ
കൂട്ടിക്കല്‍: കൂട്ടിക്കല്‍, കൊക്കയാര്‍ പഞ്ചായത്തുകളുടെ ആളൊഴിഞ്ഞ ഇടങ്ങളും പൊതുനിരത്തുകളും സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുന്നതായി ആക്ഷേപം. മദ്യപന്മാരുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം പ്രദേശവാസികള്‍ക്കും യാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. കൊക്കയാര്‍-വെംബ്ലി റോഡ്, കൂട്ടിക്കല്‍-ഇളങ്കാട് റോഡ്, മുണ്ടക്കയം-പറത്താനം റോഡ്, കൂട്ടിക്കല്‍-കാവാലി റോഡ്, നാരകംപുഴ-പൊട്ടംകുളം റോഡ്, കൂട്ടിക്കല്‍-കുറ്റിപ്ലാങ്ങാട് റോഡ് എന്നിവിടങ്ങളിലാണ് രാത്രികാലങ്ങളില്‍ പരസ്യ മദ്യപാനവും സാമൂഹ്യവിരുദ്ധശല്യവും പതിവായിരിക്കുന്നത്.
കൂടാതെ ഏന്തയാര്‍ കുപ്പായക്കുഴിയില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടിക്കല്‍ വില്ലേജ് ഓഫീസിന്‍റെ പരിസരം മദ്യപാനികളുടെ കേന്ദ്രമായി മാറുന്നതായി ആക്ഷേപമുണ്ട്. റോഡിനോട് ചേര്‍ന്നു കിടക്കുന്നതുകൊണ്ടും ചുറ്റുമതിലിന്‍റെ അഭാവവും മൂലം ഇവിടം മദ്യപാനികളുടെ താവളമായി മാറുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊക്കയാര്‍-കൂട്ടിക്കല്‍ റോഡില്‍ കൂട്ടുവാലേല്‍ ഭാഗത്തേക്കുളള പൊട്ടംകുളം റോഡില്‍ പകലും രാത്രിയും വ്യത്യാസമില്ലാതെയാണ് മദ്യപാനികളുടെ ശല്യം. കൂടാതെ കൂട്ടുവാലേല്‍ ഭാഗം വഴി കുറ്റിപ്ലാങ്ങാട് റോഡിലും സമൂഹവിരുദ്ധരുടെ ശല്യം വര്‍ധിച്ചുവരികയാണ്.
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്ബ് മോഷണം ചോദ്യം ചെയ്തതിന്‍റെ പേരില്‍ യുവാവ് കൊല്ലപ്പെട്ടത് ഇവിടെവച്ചായിരുന്നു. സാമൂഹ്യവിരുദ്ധശല്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മേഖലയില്‍ പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.