
സ്വന്തം ലേഖകൻ
കോട്ടയം : ആർപ്പുക്കര കൈപ്പുഴമുട്ടിൽ കാർ വെള്ളത്തിൽ വീണ് ഉണ്ടായ അപകടത്തിൽ രണ്ട് മരണം, മരിച്ചത് കുമരകത്ത് ടൂറിസ്റ്റുകളായി എത്തിയ മഹാരാഷ്ട്രയിൽ താമസിക്കുന്ന കൊട്ടാരക്കര സ്വദേശിയും, വനിതാ സുഹൃത്തും. വഴി തിരച്ചറിയാൻ കഴിയാതെ കാർ വെള്ളത്തിൽ വീണതാണ് അപകട കാരണമെന്നും സംശയം.
കൊട്ടാരക്കര സ്വദേശിയും, മഹാരാഷ്ട്ര താനേയിൽ സ്ഥിര താമസക്കാരനുമായ ജയിംസ് ജോർജ് (48), സുഹൃത്തായ മഹാരാഷ്ട്ര താനേ സ്വദേശി സാലി രാജേന്ദ്ര സർജി (27) എന്നിവരാണ് മരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എറണാകുളത്തെ കണക്ടിംങ് ക്യാബിൽ എന്ന റെന്റ് എ കാർ സ്ഥാപനത്തിൽ നിന്നാണ് ഇവർ കാർ വാടകയ്ക്ക് എടുത്തത്. ഇവിടെ നിന്നും കുമരകത്ത് എത്തി. തുടർന്ന് ഹൗസ് ബോട്ടിൽ സവാരി നടത്തുകയായിരുന്നു ലക്ഷ്യം.
ഇതിനായി കാർ ആറ്റിറമ്പിലേയ്ക്ക് ഇറക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി വെള്ളത്തിലേക്ക് മറിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഫയർ ഫോഴ്സ് എത്തി മുങ്ങിയ കാറിൻ്റെ ചില്ല് തകർത്ത് രണ്ട് പേരെയും പുറത്തെടുത്ത് ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
കാറിനുള്ളിൽ ഒരു കുട്ടി കൂടി ഉണ്ടെന്ന സംശയത്തെ തുടർന്ന് പൊലീസ് തിരച്ചിൽ നടത്തിയിരുന്നു.
എന്നാൽ, കാറിന്റെ പിൻഭാഗത്തെ ചില്ല് തകർത്താണ് രണ്ടു പേരെയും പുറത്ത് എടുത്തത്. ഇതോടെ മറ്റാരും കാറിൽ ഇല്ലെന്ന് ഉറപ്പാക്കിയെന്നും രക്ഷാ പ്രവർത്തകർ അറിയിച്ചു.
മഹാരാഷ്ട്രയിലെ താനയിൽ നിന്നും അവധി ആഘോഷിക്കാനും കുമരകം കാണനുമാണ് വിനോദ സഞ്ചാരികൾ എത്തിയത്. ഇരുവരുടെയും മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.