play-sharp-fill
താഴത്തങ്ങാടി ദമ്പതിമാരുടെ ദുരൂഹ തിരോധാനം; കുമരകത്ത് ക്രൈം ബ്രാഞ്ച് തിരച്ചിൽ തുടങ്ങി; വേമ്പനാട്ട് കായലിലും പരിശോധന

താഴത്തങ്ങാടി ദമ്പതിമാരുടെ ദുരൂഹ തിരോധാനം; കുമരകത്ത് ക്രൈം ബ്രാഞ്ച് തിരച്ചിൽ തുടങ്ങി; വേമ്പനാട്ട് കായലിലും പരിശോധന

തേർഡ് ഐ ബ്യൂറോ

കോട്ടയം: താഴത്തങ്ങാടിയിൽ നിന്നും ഒരു വർഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ ദമ്പതിമാരുടെ തിരോധാനത്തിൽ ക്രൈം ബ്രാഞ്ച് സംഘം വീണ്ടും തിരച്ചിൽ തുടങ്ങി. കുമരകം പ്രദേശത്ത് സീഡാക്കിന്റെ പ്രത്യേക സ്‌ക്യാനർ ഉപയോഗിച്ചാണ് അന്വേഷണസംഘം തിരച്ചിൽ നടത്തുന്നത്.രണ്ട് ദിവസം തിരച്ചിൽ തുടരുമെന്ന് ക്രൈം ബ്രാഞ്ച് ഹർട്ട് ആൻഡ് ഹോമിസൈഡ് ഡി.വൈ.എ.പി സേവ്യർ സെബാസ്റ്റ്യൻ തേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു. ഒരു വർഷം മുമ്പാണ് താഴത്തങ്ങാടി അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം(42) ഭാര്യ ഹബീബ(37) എന്നിവരെ ദുരൂഹ സാഹചര്യത്തിൽ താഴത്തങ്ങാടിയിലെ വീട്ടിൽ നിന്ന് കാണാതായി. ഹർത്താൽ ദിനത്തിൽ കുട്ടികൾക്ക് ഭക്ഷണം വാങ്ങാനെന്ന പേരിൽ വീട്ടിൽനിന്നും പുറത്തു പോയ ഇരുവരേയും കാണാതാകുകയായിരുന്നു. 2017 ഏപ്രിൽ 6നായിരുന്നു സംഭവം. ഇരുവരേയും കാണാതായതിനെ തുടർന്ന് ബന്ധുക്കൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. വെസ്റ്റ് പോലീസ് അന്വേഷിക്കുന്ന കേസിൽ കാര്യമായ തുമ്പൊന്നു ലഭിക്കാതെ വന്നതോടെയാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.
കഴിഞ്ഞ ഫെബ്രുവരി ഹാഷിമിനേയും ഭാര്യ ഹബീബയേയും അജ്മിയർ ദർഗയിൽ കണ്ടെത്തിയെന്ന് സൂചന ലഭിച്ചതിനെതുടർന്ന് ഒരാഴ്ചയോളം ക്രൈം ബ്രാഞ്ച് സംഘം ഇവിടെ തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പിതാവ് അബ്ദുൾഖാദർ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഇതേതുടർന്ന് പോലീസ് സംഘം വീണ്ടും കുമരകത്ത് തിരച്ചിൽ നടത്തുന്നത്. കുമരകം ചീപ്പുങ്കലിലും, വേമ്പനാട്ട് കായലിലും, റോഡ്‌സൈഡ് വരുന്ന തോടുകളിലുമാണ് അന്വേഷണ സംഘം തിരിച്ചിൽ നടത്തുന്നത്. തിരുവനന്തപുരത്തു നിന്നും എത്തിച്ച സി-ഡാക്കിന്റെ വെള്ളത്തിന് അടിയിൽ പോലും പരിശോധിക്കാൻ സാധിക്കുന്ന പ്രത്യേക ശേഷിയുള്ള സ്‌കാനറാണ് തിരച്ചിലിനായി ഉപയോഗിക്കുന്നത്. നേരത്തെ ഇത് ഉപയോഗിച്ച് ലോക്കൽ പൊലീസും തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, ഇതുവരെയും കൃത്യമായ സൂചനകളൊന്നും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ല. താഴത്തങ്ങാടിയിലും, കുമരകത്തും അറുപറയിലും അടക്കമുള്ള സ്ഥലങ്ങളിൽ രണ്ടു ദിവസം സമാന രീതിയിൽ തിരച്ചിൽ തുടരുന്നതിനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്.
എന്നാൽ, പ്രളയവും വെള്ളപ്പൊക്കവും മഴയ്ക്കും ശേഷം ഇത്തരത്തിൽ തിരച്ചിൽ നടത്തുന്നത് പ്രഹസനമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഹബീബയുടെ ബന്ധുക്കൾ കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് ഇപ്പോൾ തിടുക്കപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം തിരച്ചിൽ നടത്തുന്നതെന്നാണ് ആരോപണം. എന്നാൽ, ഒരു വർഷത്തോളമായി ദുരൂഹസാഹചര്യത്തിൽ കാണാതായ ദമ്പതിമാർ എവിടെ പോയതാണെന്ന സംശയം ഇപ്പോഴും ബാക്കിയാണ്.