
മലപ്പുറം: തവനൂർ സെൻട്രല്‍ ജയിലില്‍ വ്യായാമം ചെയ്യുന്നതിനും വിനോദങ്ങളില്‍ ഏർപ്പെടുന്നതിനും കളിസ്ഥലമില്ലെന്ന തടവുകാരന്റെ പരാതി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ തള്ളി.
മഞ്ചേരി എൻ.ഡി.പി.എസ് കോടതി 15 വർഷം കഠിനതടവിന് ശിക്ഷിച്ച മലപ്പുറം സ്വദേശിയാണ് സൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി കമ്മീഷനെ സമീപിച്ചത്. ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് പരിഗണിച്ച ഈ പരാതിയില്‍ ജയില്‍ അധികൃതരോട് റിപ്പോർട്ട് തേടിയിരുന്നു.
എന്നാല്‍, പരാതിക്കാരന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ജയില്‍ സൂപ്രണ്ട് കമ്മീഷനെ അറിയിച്ചു. ജയിലിന്റെ നടുമുറ്റത്ത് തടവുകാർക്ക് വ്യായാമം ചെയ്യുന്നതിനുള്ള സൗകര്യമുണ്ടെന്നും വിനോദോപാധികള്‍ ലഭ്യമാണെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷവും അവധി ദിവസങ്ങളില്‍ രാവിലെ ഒൻപത് മുതല്‍ വൈകിട്ട് അഞ്ച് വരെയും ടിവി കാണാനുള്ള സൗകര്യമുണ്ട്. കൂടാതെ ഫുട്ബോള്‍, വോളിബോള്‍, കാരംസ്, ചെസ്സ് എന്നിവ കളിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ടെങ്കിലും പരാതിക്കാരൻ ഇവയൊന്നും പ്രയോജനപ്പെടുത്താറില്ലെന്ന് സൂപ്രണ്ട് ചൂണ്ടിക്കാട്ടി.
ഈ വസ്തുതകള്‍ പരിശോധിച്ച ശേഷമാണ് കമ്മീഷൻ പരാതി തീർപ്പാക്കിയത്.



