
കൊച്ചി: തുടരെ സിനിമകളുമായി കരിയറില്‍ മുന്നോട്ട് പോകുകയാണ് നടി മഞ്ജു പിള്ള. നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷം ഇതിനോടകം മഞ്ജു പിള്ള ചെയ്ത് കഴിഞ്ഞു.
ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന ഷോയില്‍ ജഡ്ജായും മഞ്ജു പിള്ള സാന്നിധ്യം അറിയിക്കുന്നു. നടൻ സാബു മോനും ഷോയില്‍ ജഡ്ജാണ്. മഞ്ജു പിള്ളയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് സാബു മോൻ. സോഷ്യല്‍ മീഡിയയിലെ വിവാദ താരമാണെങ്കിലും സാബു മഞ്ജു പിള്ളയ്ക്ക് പ്രിയപ്പെട്ടയാളാണ്. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ നടി.
കുരുത്തം കെട്ട അനിയനെ പോലെയാണ് സാബു തനിക്കെന്ന് മഞ്ജു പിള്ള പറയുന്നു. ചാനല്‍ മീഡിയയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. ഞങ്ങള്‍ രണ്ട് മൂന്ന് വയസിന്റെ വ്യത്യാസമേയുള്ളൂ. പക്ഷെ എന്നെ കിളവി എന്നൊക്കെ വിളിക്കും. ലോകത്ത് സാബുവിനെ തെറി പറയാൻ അവകാശമുള്ള ഒരേ ഒരു സ്ത്രീ ഞാനായിരിക്കും. തെറി കേള്‍ക്കാൻ എന്നെ ഫോണ്‍ ചെയ്യും. വളരെ സ്വീറ്റായ എന്റെ ഫ്രണ്ടും ബ്രദറുമാണ് സാബു. എനിക്ക് ഭയങ്കര വിശ്വാസമുള്ള ഒരുത്തനാണ്.
അവന്റെയടുത്ത് നമ്മള്‍ സേഫ് ആയിരിക്കും. അവനെക്കുറിച്ച് പുറത്ത് പല കാര്യങ്ങള്‍ കേള്‍ക്കുന്നുണ്ട്. തരികിട സാബു എന്ന പേരുണ്ട്. പക്ഷെ ജെനുവിനാണ്. സുരക്ഷിതമായി അവന്റെ കൂടെ നമുക്ക് പോകാം. ഒരു സ്ഥലത്ത് നിന്ന് അടുത്ത സ്ഥലത്തേക്ക് നമ്മള്‍ കയറുകയാണെങ്കില്‍ നമ്മുടെ കൂടെ മറ്റാെരാളാണെങ്കില്‍ ഡോർ തുറന്ന് കയറിപ്പോകും. പക്ഷെ അവൻ ഡോർ തുറന്ന് നില്‍ക്കും. എന്നെ കയറ്റി വിട്ടിട്ട് അവൻ പിറകില്‍ വരും.
എന്നെയെന്നല്ല ഏതൊരു സ്ത്രീയോടും അവനങ്ങനെയാണ്. സ്ത്രീകള്‍ക്ക് സ്പേസ് കൊടുക്കുന്നത് വലിയ ക്വാളിറ്റിയാണ്. പലരും സാബുവുമായിട്ടൊക്കെ എങ്ങനെ ഇത്ര ക്ലോസായി എന്ന് ചോദിക്കും. എനിക്ക് മാത്രമേ പറ്റൂ, എന്റെയടുത്ത് മാത്രമേ അവൻ അടങ്ങി നില്‍ക്കൂ എന്ന് ഞാൻ പറയുമെന്നും മഞ്ജു പിള്ള വ്യക്തമാക്കി. തന്റെ മറ്റ് സൗഹൃദങ്ങളെക്കുറിച്ചും മഞ്ജു പിള്ള സംസാരിച്ചു. യാത്രകളില്‍ ക്ലോസ് ഫ്രണ്ട്സ് ആണ് എപ്പോഴും കൂടെയുണ്ടാകുന്നത്. റിലാക്സ് ചെയ്യാനാണ് യാത്രകള്‍ ചെയ്യുന്നതെന്നും മഞ്ജു പിള്ള വ്യക്തമാക്കി.
സിനിമകളിലേത് പോലെ ടെലിവിഷൻ രംഗത്തും വലിയ സാന്നിധ്യമറിയിച്ചയാളാണ് മഞ്ജു പിള്ള. അതേസമയം പഴയത് പോലെ സീരിയലുകള്‍ ചെയ്യുന്നില്ല. തട്ടീം മുട്ടീം ആണ് മഞ്ജു പിള്ള അവസാനമായി ചെയ്ത പരമ്പര. കെപിഎസി ലളിതയുടെ മരണ ശേഷം ഈ പരമ്പര പുനരാരംഭിച്ചിട്ടില്ല. കെപിഎസി ലളിതയുമായി വലിയ ആത്മബന്ധമുണ്ടായിരുന്ന ആളാണ് മഞ്ജു പിള്ള.അന്തരിച്ച നടിമാരായ കല്‍പ്പന, സുബി സുരേഷ് തുടങ്ങിയവരും മഞ്ജു പിള്ളയുടെ അടുത്ത സുഹൃത്തുക്കളായിരുന്നു.
സിനിമാ ലോകത്ത് ഒരുപിടി സൗഹൃദങ്ങള്‍ മഞ്ജു പിള്ളയ്ക്ക് ഇന്നുമുണ്ട്. കല്‍പ്പനയ്ക്ക് പകരക്കാരിയായാണ് മഞ്ജു പിള്ളയെ ഇന്ന് സിനിമാ ലോകം കാണുന്നത്. കല്‍പ്പന ചെയ്യേണ്ടിയിരുന്ന റോളുകളാണ് മഞ്ജു പിള്ളയെ തേടിയെത്തുന്നതെന്നും പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്. മഞ്ജു പിള്ളയുടെ ഏറ്റവും പ്രിയപ്പെട്ട നായിക നടി എന്നും ഉർവശിയാണ്. ഉർവശി എന്ന നടിയെ കടത്തി വെട്ടാൻ മലയാള സിനിമാ രംഗത്ത് ഇന്ന് വരെ ആരും വന്നിട്ടില്ല. എത്രയൊക്കെ പറഞ്ഞാലും എന്റെ മനസിലെ ലേഡി സൂപ്പർസ്റ്റാർ അന്നും ഇന്നും ഉർവശിയാണെന്ന് ഒരു അഭിമുഖത്തില്‍ മഞ്ജു പിള്ള പറയുകയുണ്ടായി. കരിയറിലെ തിരക്കുകളിലാണ് നടിയിപ്പോള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group