
കോട്ടയം: താറാവ് മുട്ടയ്ക്ക് വില വർധിച്ചു. മുട്ട ലഭ്യത കുറഞ്ഞതോടെയാണ് വില വർധിച്ചത്. താറാവുകള്‍ തൂവല്‍ പൊഴിക്കാൻ തുടങ്ങിയതാണ് മുട്ട ഉത്പാദനം തീരെ കുറഞ്ഞത്. ഇതോടെ വില കുത്തനെ ഉയരുകയും ചെയ്തു.
തുടർച്ചയായി അഞ്ചു മാസം മുട്ടയിട്ട് ആറാം മാസം മുതല്‍ തൂവല്‍ പൊഴിച്ചു തുടങ്ങും. പുതിയത് വരും വരെ അപൂർവമായേ മുട്ടയിടൂ. നാടൻ മുട്ട ലഭ്യത കുറഞ്ഞതോടെ വരവ് മുട്ടകളുടെ എണ്ണം കൂടിയെങ്കിലും നാടൻമുട്ട ആരാധകർ നിരാശയിലാണ്
കൂടിയത് മൂന്ന് രൂപ വരെ
പരമ്പരാഗത കർഷകരില്‍ നിന്ന് മുട്ട ലഭിക്കാതായതോടെയാണ് വില ഉയർന്നത്. കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കുന്ന സമയവും ഓഫ് സീസണും വിലകൂടാൻ കാരണമായി. കച്ചവട സ്ഥാപനങ്ങളില്‍ ഒരു മുട്ടയ്ക്ക് 12 രൂപ ഉണ്ടായിരുന്നത് 14 മുതല്‍ 15 വരെ ആയി. ചെളിയു മറ്റും പുരട്ടി നാടനാണെന്ന വ്യാജേനെ തമിഴ്നാട് മുട്ട വില്‍ക്കുന്നവരുമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തൂവല്‍ പൊഴിക്കും കാലം
സാധാരണ താറാവ് 5 മാസം വളർച്ച എത്തുന്ന സമയത്താണ് മുട്ട ഇട്ടു തുടങ്ങുന്നത്. രണ്ടര മാസക്കാലം തുടർച്ചയായി മുട്ട ഇടും. ഇതിന് ശേഷം 40 ദിവസം കഴിഞ്ഞാണ് പിന്നീട് മുട്ട ഇട്ടു തുടങ്ങുന്നത്. 80 മുതല്‍ 90 ദിവസം തുടർച്ചയായി മുട്ടയിട്ടു കഴിയുമ്പോള്‍ കാത്സ്യം അടങ്ങിയ തീറ്റ നിർത്തും, അതോടൊപ്പം മറ്റു തീറ്റയുടെ അളവും കുറയ്ക്കും. ഈ സമയത്ത് താറാവുകള്‍ സ്വയം തൂവല്‍ പൊഴിച്ചു തുടങ്ങും. 40 ദിവസം ആകുതോടെ വീണ്ടും പഴയപടി ആകുകയും മുട്ടയിടാൻ ആരംഭിക്കുകയും ആണ് ചെയ്യുന്നത്.
ഒരു താറാവ് കുറഞ്ഞത് 2.5 വർഷം മുട്ട ഇടും. അതിനു ശേഷം ഇതിനെ ഇറച്ചിക്കായി വില്‍ക്കുകയാണ് ചെയ്യുന്നത്. സാധാരണ പുഞ്ചപ്പാടങ്ങളില്‍ കൊയ്ത്ത് ആരംഭിക്കുന്നതിനു 40 ദിവസം മുൻപാണ് ഓഫ് സീസണ് സമയം കർഷകർ കണ്ടെത്തുന്നത്. പുഞ്ച കൊയ്ത്തു കഴിയുതോടെ പാടത്ത് ആവശ്യാനുസരണം തീറ്റ ലഭിക്കും. ഇതേ കണക്കിലാണ് കുഞ്ഞുങ്ങളെ വളർത്തിയെടുക്കുന്നതും. പരമ്പരാഗത കർഷകർ ഒന്നര മാസം മുൻപാണ് കുഞ്ഞുങ്ങളെ വളർത്താൻ ആരംഭിച്ചത്



