
സ്വന്തം ലേഖകൻ
തിരുവനന്തപുരം: താനൂർ ബോട്ട് അപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാഗങ്ങൾക്ക് രണ്ട് ലക്ഷം രൂപയുടെ ആശ്വാസവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടൽ നടന്നു വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് മുഖ്യമന്ത്രി താനൂരിൽ എത്തും.
താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പൊലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും, നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വി. അബ്ദുറഹ്‌മാൻ എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. താനൂർ ബോട്ട് അപകടത്തിൽ മരണപ്പെട്ടവർക്കുള്ള ആദരസൂചകമായി നാളെ സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മെയ് 8 ന് നടത്താനിരുന്ന താലുക്കുതല അദാലത്തുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഔദ്യോഗിക പരിപാടികളും മാറ്റി വെച്ചു. പ്രതിപക്ഷ നേതാവും താനൂരിൽ എത്തും. രക്ഷപ്പെടുത്തിയവരിൽ പലരുടേയും നില ഗുരുതരമാണ്. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നതെന്നാണ് പറയപ്പെടുന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പരപ്പനങ്ങാടി, താനൂർ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരിൽ അധികവും. തലകീഴായി മറിഞ്ഞ ബോട്ട് പൂർണ്ണമായും മുങ്ങി.
അവധി ദിനമായതിനാൽ തീരത്ത് സന്ദർശകർ ധാരാളമുണ്ടായിരുന്നു. പരപ്പനങ്ങാടി നഹാസ്, ജെ.എസ്.മിഷൻ, തിരൂരങ്ങാടി താലൂക്ക് ആശുപത്രി,കോട്ടക്കൽ,താനൂരിലെ വിവിധ ആശുപത്രികളിലുമായിട്ടാണ് രക്ഷപ്പെടുത്തിയവരെ പ്രവേശിപ്പിച്ചിട്ടുള്ളത്.