
സ്വന്തം ലേഖിക
വയനാട്: താമരശ്ശേരി ചുരത്തിൽ ആറാം വളവിനും ഏഴാം വളവിനും ഇടയില്‍ മരം കടപുഴകി വീണ് വന്‍ ഗതാഗത കുരുക്ക്.
വൈകിട്ട് മൂന്ന് മണിയോടെയാണ് മരം വീണത്. ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടതിന് പിന്നാലെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും പൊലീസും സ്ഥലത്തെത്തി. ഒരു മണിക്കൂറിന് ശേഷം മരങ്ങള്‍ മുറിച്ചുമാറ്റിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ചുരത്തില്‍ കിലോമീറ്ററുകളോളം നീളത്തില്‍ വാഹനങ്ങളുടെ നിര പ്രത്യക്ഷപ്പെട്ടിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ജില്ലയില്‍ ഇടവിട്ടുള്ള മഴ തുടരുകയാണ്. പടിഞ്ഞാറത്തറ മേഖലയിലാണ് കൂടുതല്‍ മഴ പെയ്യുന്നത്. പടിഞ്ഞാറത്തറ മുള്ളന്‍കണ്ടി പാലത്തിന് സമീപമുള്ള റോഡിന്റെ ഒരു വശം ഇടിഞ്ഞ് താഴ്ന്നു. പുഴയ്ക്ക് സമീപത്തെ റോഡാണ് ഇടിഞ്ഞത്. പൊലീസെത്തി ഇത് വഴിയുള്ള ഗതാഗതം നിയന്ത്രിച്ചു. കബനി നദി കരകവിഞ്ഞതിനെ തുടര്‍ന്ന് മാനന്തവാടി കരിന്തിരിക്കടവ് റോഡില്‍ ചെറിയ തോതില്‍ വെള്ളം കയറി. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വയനാട്ടില്‍ 15 ദുരിതാശ്വാസ ക്യാമ്പുകളിലായി 183 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. അടിയന്തര സാഹചര്യം നേരിടുന്നതിന് 20 അംഗ ദുരന്ത നിവാരണ സേന ജില്ലയില്‍ തുടരുന്നുണ്ട്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.







