
കോഴിക്കോട്: താമരശ്ശേരിയില്‍ വിദ്യാർഥികള്‍ തമ്മില്‍ ചേരിതിരിഞ്ഞ് നടത്തിയ ഏറ്റുമുട്ടലില്‍ പത്താം ക്ലാസ് വിദ്യാർഥിയുടെ നില ഗുരുതര പരിക്ക്. സംഭവത്തിൽ 5 വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍.
താമരശ്ശേരി വെഴുപ്പൂർ റോഡിലെ സ്വകാര്യ ട്യൂഷൻ സെന്ററിന് സമീപം വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഘർഷം.
സംഭവത്തില്‍ എളേറ്റില്‍ എം.ജെ.ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി താമരശ്ശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസിനാണ് (15) സാരമായി പരിക്കേറ്റത്. തലയ്ക്ക് മാരക ക്ഷതമേറ്റ വിദ്യാർഥി കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായ താമരശ്ശേരി ജി.വി.എച്ച്.എസ്.എസ് വിദ്യാർഥികളായ അഞ്ച് പേരെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇക്കഴിഞ്ഞ ഞായറാഴ്ച വ്യാപാരഭവനില്‍ നടന്ന ഫെയർവെല്‍ പാർട്ടിയ്ക്കിടെയുണ്ടായ സംഘർഷമാണ് വ്യാഴാഴ്ച വൈകീട്ട് നടന്ന കയ്യാങ്കളിയ്ക്ക് ഇടയാക്കിയത്. എളേറ്റില്‍ സ്കൂള്‍ വിദ്യാർഥികളുടെ നൃത്തപരിപാടിയ്ക്കിടെ ഫോണ്‍ തകരാറിലായി പാട്ട് നിന്നത് താമരശ്ശേരി ജി.വി.എച്ച്.എസ്.എസ് വിദ്യാർഥികള്‍ കളിയാക്കിയതായിരുന്നു പ്രശ്നം.
അതിന്റെ പേരില്‍ വ്യാഴാഴ്ച വൈകീട്ട് ട്യൂഷൻ സെന്ററിന് സമീപത്ത് മുഹമ്മദ് ഷഹബാസ് ഉള്‍പ്പെടെ ട്യൂഷൻ സെന്ററില്‍ പഠിക്കാത്തവരും ട്യൂഷൻ സെന്റർ വിദ്യാർഥികളും ഉള്‍പ്പെടെ എളേറ്റില്‍ സ്കൂളിലെ പതിനഞ്ചോളം വിദ്യാർഥികള്‍ സംഘടിച്ചെത്തി താമരശ്ശേരി ജി.വി.എച്ച്.എസ്.എസ് വിദ്യാർഥികളും തമ്മില്‍ കയ്യാങ്കളിയുണ്ടാവുകയായിരുന്നു. പുറമെ കാര്യമായ പരിക്ക് കാണാതിരുന്ന മുഹമ്മദ് ഷഹബാസ് വീട്ടിലെത്തി അവശനിലയായതോടെയാണ് രാത്രി താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമെത്തിച്ചത്.