
തിരുവനന്തപുരം: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്കെതിരെയുണ്ടായ ആക്രമണത്തില്‍ അപലപിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഡോക്ടര്‍ക്കെതിരായ ആക്രമണം അത്യന്തം അപലപനീയമാണെന്നും മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു. സംഭവത്തില്‍ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വിപിൻ്റെ തലക്കാണ് വെട്ടേറ്റത്. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച ഒൻപത് വയസ്സുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിയത്. കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് ഇയാൾ ആരോപിച്ചിരുന്നു. മകളെ കൊന്നില്ലേ എന്ന് ആക്രേശിച്ചായിരുന്നു ആക്രമണം. ഡോക്ടറെ ആക്രമിച്ച സനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് മക്കളുമായാണ് അക്രമി ആശുപത്രിയിലെത്തിയത്. സൂപ്രണ്ടിനെ ലക്ഷ്യംവെച്ചാണ് സനൂപ് എത്തിയത്. കുട്ടികളെ പുറത്ത് നിർത്തിയാണ് സൂപ്രണ്ടിൻ്റെ റൂമിലെത്തിയത്. ആ സമയം സൂപ്രണ്ട് മുറിയിൽ ഉണ്ടായിരുന്നില്ല. പിന്നീട് ഡോക്ടര്‍ വിപിനെ വെട്ടുകയായിരുന്നു. പരിക്കേറ്റ ഡോക്ടറെ കോഴിക്കോട് ബേബി മെമ്മോറിയാൽ ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്.
സനൂപിന്‍റെ മകള്‍ മസ്തിഷ്കജ്വരം ബാധിച്ചാണ് മരിച്ചത്. പനി ബാധിച്ച കുട്ടിയുമായി പിതാവ് ആദ്യം എത്തിയത് താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു. പിന്നീട് അവിടെ വെച്ച് കുട്ടിക്ക് അസുഖം കൂടുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ എത്തുന്നതിന് മുമ്പ് 9 വയസുകാരിയായ അനയ മരിക്കുകയായിരുന്നു. കുഞ്ഞിന്‍റെ മരണകാരണം എന്താണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലെന്നും മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല എന്നുമാണ് സനൂപും കുടുംബവും ആരോപിക്കുന്നത്. ഡോക്ടറുടെ തലയ്ക്ക് ഗുരുതരമയ പരിക്കേറ്റിട്ടുണ്ടെന്നാണ് ആശുപത്രിയിലെ ലാബ് ജീവനക്കാരന്‍ പറയുന്നത്. വളരെ പെട്ടെന്നുള്ള ആക്രമണമായിരുന്നു. എന്‍റെ മകളെ കൊന്നവനല്ലെ എന്ന് ആക്രോശിച്ചായിരുന്നു ഡോക്ടറെ വെട്ടിയതെന്നും ഡോക്ടറുടെ തലയില്‍ ഗുരുതരമായി മുറിവുണ്ട് എന്നും ഇയാൾ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group