
കോഴിക്കോട് :താമരശ്ശേരി ചുരം റോഡില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ നിര്‍ദേശപ്രകാരം എന്‍ഐടിയിലെ വിദഗ്ധ സംഘം പരിശോധന നടത്തി. എന്‍ഐടി സിവില്‍ വിഭാഗം പ്രൊഫസര്‍ സന്തോഷ് ജി തമ്പി, അസി. പ്രൊഫസര്‍മാരായ പ്രദീക് നേഗി, അനില്‍കുമാര്‍, റിസര്‍ച്ച് ഫെലോ മനു ജോര്‍ജ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
മണ്ണിടിച്ചിലുണ്ടായ പ്രദേശത്തിന്റെയും സമീപ പ്രദേശങ്ങളുടെയും ദൃശ്യങ്ങള്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള റിയല്‍ ടൈം കൈനമാറ്റിക് സര്‍വേയിലൂടെ സംഘം ശേഖരിച്ചു. ഇവ ഉപയോഗിച്ച് നിര്‍മിക്കുന്ന ത്രിമാന ദൃശ്യങ്ങളിലൂടെ ഭാവിയില്‍ ഉണ്ടായേക്കാവുന്ന മണ്ണിടിച്ചില്‍ സാധ്യത, ഭൂമിയുടെ സ്വഭാവം, ആഘാത സാധ്യത തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കുമെന്ന് ഡോ. സന്തോഷ് ജി തമ്പി പറഞ്ഞു. ഇനിയും പാറ ഇടിയാനുള്ള സാധ്യത പരിശോധിക്കുന്നുണ്ട്.
പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് നല്‍കും. പരിശോധന വിവരങ്ങള്‍ വിശകലനം ചെയ്ത ശേഷം ആവശ്യമെങ്കില്‍ പ്രദേശത്ത് ജിപിആര്‍ (ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍) പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓഗസ്റ്റ് 26നാണ് താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവില്‍ മണ്ണിടിച്ചിലുണ്ടായത്. തുടര്‍ന്ന് ദിവസങ്ങളോളം ചുരത്തിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എം രേഖ, പിഡബ്ല്യൂഡി എന്‍ എച്ച് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ വി സുജീഷ്, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ നിധില്‍ ലക്ഷ്മണന്‍, അസി. എഞ്ചിനീയര്‍ എം സലീം, ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ എം രാജീവ്, ഹസാര്‍ഡ് അനലിസ്റ്റ് പി അശ്വതി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു