
തലയോലപ്പറമ്പ്: മറവൻതുരുത്ത് -ചെമ്പ് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് മൂവാറ്റുപുഴയാറിന് കുറുകെ നിർമിക്കുന്ന മൂലേക്കടവ് പാലത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടം പുഴയിലേക്ക് ഇടിഞ്ഞു താഴ്ന്നു. 2023 ലാണ് പാലത്തിൻറെ നിർമ്മാണം ആരംഭിച്ചത്.
പാലം നിർമാണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും തീരം ഇടിയാതിരിക്കാൻ താൽക്കാലികമായി ഏരികൾ താഴ്ത്തി സുരക്ഷിതമാക്കാം എന്നും പിന്നീട് ഇവരുടെ വീടിരിക്കുന്ന പുഴയുടെ തീരം കരിങ്കല്ല് കെട്ടി സംരക്ഷിച്ചു നൽകാമെന്നും സമ്മതിച്ചിരുന്നു. എന്നാൽ പൈലിങ് ജോലികൾ ആരംഭിച്ച ഘട്ടത്തിൽ ഒരു മീറ്റർ വീതിയിലും 15 മീറ്റർ നീളത്തിലും അന്ന് തീരം ഇടിഞ്ഞു താഴ്ന്നു.
മറവൻതുരുത്ത് പഞ്ചായത്തിലെ വാളമ്പള്ളി പടിഞ്ഞാറേ നമ്പ്യാട്ടിൽ എൻ.പി. കാർത്തികേയന്റെ വീടിരിക്കുന്ന പുരയിടത്തിന്റെ 10 മീറ്ററോളം ഭാഗത്തെ മരങ്ങൾ ഉൾപ്പെടെയാണ് ബുധനാഴ്ച പുഴ കവർന്നത്. പുഴയുടെ തീരം വഴി ഉണ്ടായിരുന്ന നടപ്പാത പൂർണമായും ഇടിഞ്ഞു താണു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എംഎൽഎ, റവന്യു മന്ത്രി എന്നിവർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ വന്ന് പരിശോധന നടത്തി മടങ്ങിയതല്ലാതെ യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നു കാർത്തികേയൻ പറഞ്ഞു. തുടർന്നും പല തവണകളായി തീരം ഇടിഞ്ഞു താണു.
വീടിരിക്കുന്ന സ്ഥലം കൂടി നഷ്ടപ്പെട്ടാൽ എങ്ങോട്ട് പോകുമെന്ന് അറിയാതെ പകച്ചുനിൽക്കുകയാണ് കുടുംബം. ബാക്കി ഭാഗത്തും വിള്ളൽ രൂപപ്പെട്ടിട്ടുണ്ടെന്നും അതുകൂടി ഇടിയുന്നതിനു മുൻപ് ആറിന്റെ തീരം കരിങ്കൽ ഭിത്തി നിർമിച്ച് ഭൂമി സംരക്ഷിക്കാൻ നടപടി ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



