കോട്ടയം തലയോലപ്പറമ്പിൽ സഹകരണ ബാങ്ക് അസി. സെക്രട്ടറിയെ ബാങ്കിനുള്ളിൽ കയറി മദ്യപസംഘം മർദ്ദിച്ചതായി പരാതി

Spread the love

തലയോലപ്പറമ്പ് : സഹകരണ ബാങ്ക് അസിസ്റ്റന്‍റ് സെക്രട്ടറിയെ ബാങ്കിനുള്ളില്‍ കയറി മദ്യപസംഘം മർദിച്ചതായി പരാതി. മറവൻതുരുത്ത് 121-ാം നമ്ബർ സർവീസ് സഹകരണ ബാങ്കിന്‍റെ ഇടവട്ടത്തെ ഹെഡ് ഓഫീസില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30നായിരുന്നു ആക്രമണമുണ്ടായത്.

ഇടവട്ടം സ്വദേശി പുതുശേരി സുനില്‍കുമാർ, ബന്ധുവായ തലയാഴം സ്വദേശി അർജുൻ മുരളി എന്നിവരാണ് മദ്യപിച്ച്‌ ബാങ്കിനുള്ളില്‍ കടന്ന് അസിസ്റ്റന്‍റ് സെക്രട്ടറി ആർ. രതീഷിനെ മർദിച്ചതെന്നാണ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. സുനില്‍കുമാറിന്‍റെ വസ്തു ബാങ്കില്‍ പണയപ്പെടുത്തി വായ്പയെടുക്കുകയും അത് കുടിശികയായി ജപ്തി നടപടിയിലേക്ക് കടക്കുകയും ചെയ്തിരുന്നു.

ഒറ്റത്തവണ തീർപ്പാക്കല്‍ പദ്ധതി പ്രകാരം ബാങ്ക് ഭരണസമിതി ഇടപെട്ട് ഇളവുനല്‍കി വായ്പാ കുടിശിക അടയ്ക്കാനുള്ള സൗകര്യം നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, സുനില്‍കുമാർ പിന്നീട് ബാങ്കുമായുള്ള ഇടപാടുകള്‍ വേണ്ടെന്ന് തീരുമാനിക്കുകയും ഓഹരി പിരിയാനുള്ള അപേക്ഷ സമർപ്പിക്കുകയും ചെയ്തു. സുനില്‍കുമാർ സഹോദരൻ സുരേഷ് കുമാറിന്‍റെയും മാതാവ് ഗംഗക്കുട്ടിയമ്മയുടെയും പേരിലുള്ള ഓഹരിത്തുകയായ പതിനേഴായിരം രൂപ ഇന്നലെ ബാങ്കില്‍നിന്ന് കൈപ്പറ്റിയതിനുശേഷം സെക്രട്ടറിയെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

സെക്രട്ടറി സ്ഥലത്തില്ലാതിരുന്നതിനാല്‍ അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ക്യാബിനുള്ളിലേക്ക് തള്ളിക്കയറുകയും വാക്കുതർക്കത്തെത്തുടർന്ന് ആർ. രതീഷിനെ ഇരുവരും ചേർന്ന് മർദിക്കുകയുമായിരുന്നു. ഓഹരി പിരിയാനുള്ള അപേക്ഷ നല്‍കിയത് പാസാക്കാൻ കമ്മിറ്റി താമസിച്ചുവെന്നതായിരുന്നു പ്രകോപനകാരണം.

പരിക്കേറ്റ ആർ. രതീഷിനെ തലയോലപ്പറമ്ബ് ഗവണ്‍മെന്‍റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവർ വനിതാ ജീവനക്കാരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ഇടപാടുകാരെ ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തെന്ന് ബാങ്ക് പ്രസിഡന്‍റ് പി.വി. ഹരിക്കുട്ടൻ പറഞ്ഞു.

ബാങ്ക് ജീവനക്കാരനെ മർദിക്കുകയും ജോലി തടസപ്പെടുത്തുകയും ഒരു ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തതിന്‍റെ പേരില്‍ ബാങ്ക് സെക്രട്ടറി കെ.ജി. ഗോപകുമാർ തലയോലപ്പറമ്ബ് പോലീസില്‍ പരാതി നല്‍കി.