
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് – കോരിക്കല്‍- പഴമ്പെട്ടി റോഡിലെ കോരിക്കല്‍ പാലം വീതികൂട്ടി പുനർനിർമിക്കണമെന്ന ആവശ്യം ശക്തമായി.
പാലത്തിന്‍റെ ഒരു ഭാഗത്തെ കൈവരി തകർന്നത് അപകടഭീതി ഉയർത്തുന്നു..
ഏതാനും വർഷം മുമ്പാണ് പാലത്തിന്‍റെ കൈവരി തകർന്നത്. കുറുന്തറപുഴയ്ക്കു കുറുകെയുള്ള പാലത്തിന് അമ്പതു വർഷത്തിലധികം പഴക്കമുണ്ട്. വാഹനത്തിരക്കേറിയ വീതികുറഞ്ഞ റോഡിലെ കൈവരിയില്ലാത്ത പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ രാത്രികാലങ്ങളില്‍ ആഴമേറിയ തോട്ടിലേക്കു പതിക്കാനുള്ള സാധ്യത ഏറെയാണെന്ന് നാട്ടുകാർ പറയുന്നു.
2018ലെ പ്രളയത്തിലാണ് പാലത്തിന്‍റെ കൈവരികള്‍ തകർന്നത്. തലയോലപ്പറമ്പില്‍നിന്ന് എഴുമാന്തുരുത്ത്, വൈക്കം എന്നിവടങ്ങളിലേക്കുള്ള എളുപ്പമാർഗമായതിനാല്‍ പാലത്തിന്‍റെ കൈവരികളും പുനർനിർമിക്കണമെന്ന ആവശ്യം പ്രദേശവാസികള്‍ ഏറെക്കാലമായി ഉയർത്തുന്നു. വിദ്യാർഥികളും വയോജനങ്ങളും പാലത്തിന്‍റെ വശംചേർന്നു നടന്നുപോകുന്നത് ഭയത്തോടെയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലം പുനർനിർമിക്കണം
റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തില്‍ നിർമിച്ചത് ഗുണകരമായെങ്കിലും കാലപ്പഴക്കത്താല്‍ ജീർണാവസ്ഥയിലായ കോരിക്കല്‍ പാലം പുനർനിർമിക്കാൻ നടപടിയുണ്ടായില്ല. കൃഷിയുമായി ബന്ധപ്പെട്ട് പാടശേഖരങ്ങളിലേക്കു വരുന്ന വാഹനങ്ങളും സ്‌കൂള്‍ ബസുകളും സ്വകാര്യബസും കെഎസ്‌ആർടിസിയുടെ
ഗ്രാമവണ്ടിയുമടക്കം നൂറുകണക്കിനു വാഹനങ്ങളാണ് ദിനംപ്രതി പാലത്തിലൂടെ പോകുന്നത്. അറ്റകുറ്റപ്പണി നടത്താതെ കാലപ്പഴക്കമേറിയ പാലം വീതികൂട്ടി പുനർനിർമിക്കാൻ സർക്കാർ നടപടി സ്വീകരിക്കണംഎന്നാണാവശ്യം.
–വീണ്ടും ടെൻഡർ ചെയ്യും
പൊതുമരാമത്തു വകുപ്പ് ബ്രിഡ്ജസ് വിഭാഗത്തിന്‍റെ കീഴില്‍ വിവിധ പാലങ്ങള്‍ക്കായി പത്തു ലക്ഷം രൂപ അനുവദിച്ചതില്‍ കോരിക്കല്‍ പാലത്തിന്‍റെ കൈവരി നിർമാണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രണ്ടു തവണ ടെൻഡർ ചെയ്തെങ്കിലും കരാറുകാർ പ്രവൃത്തി ഏറ്റെടുത്തില്ല. വീണ്ടും ടെൻഡർ നടത്താൻ തീരുമാനിച്ചിട്ടുണ്ടന്ന് പൊതുമരാമത്ത് വകുപ്പ് ബ്രിഡ്‌ജസ് വിഭാഗം
അസി.എൻജിനിയർ എസ്.എ. കിരണ്‍ലാല്‍ അറിയിച്ചു




