
അവര്‍ക്ക് ഉല്ലാസം, രോഗികള്‍ക്ക് ദുരിതം…! മറവൻതുരുത്ത് കുടുംബാരോഗ്യകേന്ദ്രം അടച്ചിട്ട് ഡോക്ടര്‍മാരും ജീവനക്കാരും വിനോദയാത്രയ്ക്ക് പോയതായി പരാതി; ചികിത്സ കിട്ടാതെ മടങ്ങി രോഗികള്‍; യാത്ര പോയത് പഞ്ചായത്തിന്റെ അനുവാദത്തോടെയെന്ന് പരാതി
സ്വന്തം ലേഖിക
തലയോലപ്പറമ്പ്: മറവൻതുരുത്ത് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള മറവൻതുരുത്ത് കുടുംബാരോഗ്യകേന്ദ്രം അടച്ചിട്ട് ഡോക്ടര്‍മാരും ജീവനക്കാരും വിനോദയാത്രക്ക് പോയതായി പരാതി.
ഇതിനെ തുടര്‍ന്ന് ഇന്നലെ ആരോഗ്യകേന്ദ്രത്തിലെത്തിയ രോഗികള്‍ ചികിത്സ കിട്ടാതെ മടങ്ങി. പഞ്ചായത്തിന്റെ അനുമതിയോടെ ഇടുക്കിയിലെ സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശിക്കാനാണ് പോയതെന്നാണ് ഡോക്ടര്‍മാരും ജീവനക്കാരും പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രിയുടെ പ്രധാന കവാടത്തിലുള്ള ഗേറ്റ് അടഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട രോഗികള്‍ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒ.പിക്കും അനുബന്ധവിഭാഗങ്ങള്‍ക്കും അവധി നല്‍കി ഡോക്ടര്‍മാരും ജീവനക്കാരും യാത്ര പോയവിവരം അറിയുന്നത്. രോഗികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് അംഗങ്ങള്‍ സ്ഥലത്തെത്തി ഇവരെ അനുനയിപ്പിക്കുകയായിരുന്നു.
ഇതിനിടെ ഒരു ജീവനക്കാരൻ സ്ഥലത്തെത്തി ആശുപത്രി തുറക്കുകയും ഒ.പി ഉണ്ടാകില്ലെന്ന് സൂചിപ്പിക്കുന്ന ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. പിന്നീട് മറ്റൊരു ജീവനക്കാരൻ എത്തിയെങ്കിലും ഇവര്‍ ഉച്ചയോടെ മടങ്ങിപ്പോവുകയായിരുന്നു.
കുടുംബാരോഗ്യ കേന്ദ്രത്തില്‍ മൂന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നാല്‍പതോളം ജീവനക്കാരുമാണുള്ളത്. അതില്‍ ഒരു ഡോക്ടര്‍ അവധിയിലാണ്. പഞ്ചായത്ത് ശമ്പളം നല്‍കുന്ന ഒരു ഡോക്ടറും ഫാര്‍മസിസ്റ്റും യാത്ര പോയവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. യാത്ര പോകുന്ന കാര്യം പഞ്ചായത്ത് പ്രസിഡന്റിനെ അറിയിച്ചപ്പോള്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്ന് പറഞ്ഞിരുന്നുവെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു പ്രദീപ് പറഞ്ഞു. എന്നാല്‍ പകരം സംവിധാനം ആശുപത്രി അധികൃതര്‍ ഒരുക്കിയിരുന്നില്ല.
ക്വാളിറ്റി സ്റ്റാൻഡേര്‍ഡ് സര്‍ട്ടിഫിക്കറ്റുകള്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചതിന്റെ ഭാഗമായാണ് ഇടുക്കി കരുണാപുരം പ്രൈമറി ഹെല്‍ത്ത് സെന്റര്‍ സന്ദര്‍ശിക്കാൻ പോയതെന്നാണ് ജീവനക്കാരുടെ വിശദീകരണം. യാത്രപോയ സംഘത്തില്‍ ഡോക്ടര്‍മാരടക്കം 24 പേരാണ് ഉണ്ടായിരുന്നത്.
പഞ്ചായത്തിന്റെ അനുവാദത്തോടെയാണ് യാത്ര പോയതെന്ന് മെഡിക്കല്‍ ഓഫീസര്‍ ഇൻ ചാര്‍ജ് ഡോ. ജ്യോതിഷ് കുട്ടപ്പൻ പറഞ്ഞു. യാത്രയില്‍ നിന്ന് ആശാവര്‍ക്കര്‍മാരെ ഒഴിവാക്കിയിരുന്നു.
കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം മുടങ്ങുന്നത് ഗുരുതരമായ അനാസ്ഥയാണെന്ന് കാട്ടി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.
ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.