
ടെക്‌സ്റ്റൈൽ ഷോപ്പിന്റെ പേരിൽ വനിതാ വ്യവസായിയെ കബളിപ്പിച്ച് നാൽപ്പത് ലക്ഷം രൂപ തട്ടിയെടുത്തു: കബളിപ്പിച്ച് പണം അടിച്ചു മാറ്റിയത് കാസർകോട് സ്വദേശിയും ഭാര്യയും ചേർന്ന്; തട്ടിപ്പ് നടത്തിയ സംഘം ഒരു വർഷത്തിന് ശേഷം ഗാന്ധിനഗർ പൊലീസിന്റെ പിടിയിൽ കുടുങ്ങി
ജി.കെ വിവേക്
കോട്ടയം: ടെക്‌സൈറ്റിൽ ഷോപ്പിനായി പണം മുടക്കിയ വനിതാ വ്യവസായിയിൽ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്ത കാസർകോട് സ്വദേശികളുടെ സംഘത്തിലെ ഒരാൾ പിടിയിൽ. കാസർകോട് ഉദുമ ഉപ്പള ഷെഫീഖ് മൻസിൽ കാപ്പിൽ ഹൗസിൽ മജീദ് (46)നെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.ഐ ടി.എസ് റെനീഷ് അറസ്റ്റ് ചെയ്തത്. 2018 ൽ കുമാരനല്ലൂർ സ്വദേശിയായ ലൈലയെ കബളിപ്പിച്ച് നാൽപ്പതു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതിയാണ് മജീദ്. മജീദിന്റെ സഹോദരൻ ഫിർദൗസ് മുഹമ്മദും, ഇയാളുടെ ഭാര്യ സൗമ്യയും കേസിൽ പ്രതിയാണ്. മൂന്നു പേരും ചേർന്നാണ് ലൈലയെ കബളിപ്പിച്ച് പണം തട്ടിയെടുത്തതെന്നാണ് പൊലീസ് കേസ്.
2018 ലായിരുന്നു കേസിനാസ്പദമായ സംഭവം. കുമാരനല്ലൂരിൽ ലൈല സ്റ്റിച്ചിംങ് സെന്ററും ഫാബ്രിക് യൂണിറ്റും നടത്തുന്നതിനായി ലക്ഷ്യമിട്ടിരുന്നു. ഇത് മനസിലാക്കി തഞ്ചത്തിൽ അടുത്തു കൂടിയ ഫിർദൗസ് മുഹമ്മദും ഭാര്യ സൗമ്യയും ലൈലയുമായി സൗഹൃദം സ്ഥാപിച്ചു. മെഡിക്കൽ കോളേജ് ഭാഗത്തെ ഹോട്ടൽ വിറ്റു കിട്ടിയ ഒരു കോടി രൂപ ലൈലയുടെ കൈവശമുണ്ടായിരുന്നു. ഇതു മനസിലാക്കിയ ഫിർദൗസും സൗമ്യയും ലൈലയെയും മകൻ ആഷിയെയും ഫിർദൗസിനെയും പാർട്ട്ണർമാരാക്കി മാന്നാനത്ത് പുത്തൂർക്കാടൻ ടെക്‌സ്റ്റൈൽസ് എന്ന സ്ഥാപനം ആരംഭിച്ചു. പല തവണയായി പന്ത്രണ്ടു ലക്ഷത്തോളം രൂപ ഫിർദൗസും ഭാര്യയും ചേർന്നു ലൈലയിൽ നിന്നും വാങ്ങിയെടുത്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കൂടാതെ 28 ലക്ഷം രൂപയുടെ തുണിത്തരങ്ങൾ വിവിധ കമ്പനികളിൽ നിന്നും പർച്ചേസ് ചെയ്ത് മാന്നാനത്തെ കടയിൽ എത്തിച്ചു. ഈ കടയിൽ നിന്നും സാധനങ്ങൾ ഫിർദൗസും സൗമ്യയും ചേർന്ന് തട്ടിയെടുത്ത ശേഷം മജീദിന്റെ ഫാഷൻ ക്ലബ് എന്ന പേരിൽ കാസർകോട് പ്രവർത്തിക്കുന്ന ടെക്‌സ്റ്റൈൽ ഷോപ്പിലേയ്ക്കു മാറ്റി. സാധനങ്ങൾ വിറ്റ പണം കാണാതെ വന്നതോടെയാണ് ലൈല പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. പരാതി ഉയർന്നതോടെ മജീദ് കാസർകോട്ടെ ടെക്‌സ്‌റ്റൈൽസ് അടച്ചു പൂട്ടി. തുടർന്ന് കാസർകോട് നഗരത്തിൽ തന്നെ മറ്റൊരു ടെക്‌സ്‌റ്റൈൽ ഷോപ്പ് തുടങ്ങുകയും ചെയ്തു.
കെട്ടിക്കിടക്കുന്ന കേസുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി പി.എസ് സാബു, ഡിവൈ.എസ്.പി ആർ.ശ്രീകുമാറിനു നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഗാന്ധിഗനർ സ്.ഐ ടി.എസ് റെനീഷ്, അഡീഷണൽ എസ്.ഐ തോമസ്, എ.എസ്.ഐ സജി എം.പി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കേസിലെ പ്രതിയെ കാസർകോടു നിന്നും കണ്ടെത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.