play-sharp-fill
ആദിവാസികളുടെ ദുരിതത്തിൽ ആയുധമെടുത്ത് പോരാടാൻ മാവോയിസ് തീരുമാനം: അജിതയ്ക്കും കുപ്പു ദേവരാജിനും പിന്നാലെ രക്തസാക്ഷിയായി ജലീലും: പ്രതികാരവും പോരാട്ടവും കടുപ്പിക്കാൻ കബനീദളം

ആദിവാസികളുടെ ദുരിതത്തിൽ ആയുധമെടുത്ത് പോരാടാൻ മാവോയിസ് തീരുമാനം: അജിതയ്ക്കും കുപ്പു ദേവരാജിനും പിന്നാലെ രക്തസാക്ഷിയായി ജലീലും: പ്രതികാരവും പോരാട്ടവും കടുപ്പിക്കാൻ കബനീദളം

സ്വന്തം ലേഖകൻ

നിലമ്പൂർ: സർക്കാർ സേവനങ്ങളുടെ ഗുണഫലം നേരിട്ട് ലഭിക്കാതെ , ഇപ്പോഴും ദുരിതത്തിൽ തന്നെ കഴിയുന്ന ആദിവാസികളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് ആദിവാസി വിഭാഗങ്ങൾക്കായി പോരാട്ടം ശക്തമാക്കാൻ മാവോയിസ്റ്റ് തീരുമാനം. പോരാട്ടത്തിനായി കേരളത്തിലെ മാവോയിസ്റ്റ് വേദിയായ കബനീദളം പുനസംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഒരു വർഷം മുൻപ് മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജും അജിതയും കൊല്ലപ്പെട്ടതിനും പിന്നാലെയാണ് ഇപ്പോൾ ജലീലും കൊല്ലപ്പെട്ടിരിക്കുന്നത്. ഇതോടെയാണ് പ്രത്യാക്രമണം ഉടൻ ഉണ്ടായേക്കുമെന്ന സൂചന ഇന്റലിജൻസ് വിഭാഗം തണ്ടർ ബോൾട്ട് അടക്കമുള്ള മാവോയിസ്റ്റ് വിരുദ്ധ സേനകൾക്ക് നൽകുന്നത്.
2016ല്‍ നിലമ്പൂര്‍ കരുളായി വനത്തില്‍ വരയന്‍മലയുടെ താഴ്വാരത്തില്‍ കുപ്പുദേവരാജും അജിതയും കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മറ്റൊരു കൊലപാതകം കൂടി ഉണ്ടായത്. വയനാട് വൈത്തിരി ഉപവന്‍ റിസോര്‍ട്ടില്‍ ബുധനാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലിലാണ് സി.പി ജലീല്‍ കൊല്ലപ്പെട്ടത്. തലയ്ക്ക് വെടിയേറ്റ് റിസോര്‍ട്ടിലെ കുളത്തിനോട് ചേര്‍ന്ന കല്‍ക്കെട്ടില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് ജലീലിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം ഒരു നാടന്‍ തോക്കുമുണ്ടായിരുന്നു. 2014 മുതല്‍ ജലീല്‍ ഒളിവിലായിരുന്നു എന്ന് പോലീസ് പറയുന്നു.2014 മുതല്‍ പിടികിട്ടാപ്പുള്ളിയായിരുന്നു ജലീല്‍ എന്നാണ് പോലീസിന്റെ ഭാഷ്യം. മൂന്ന് വര്‍ഷം മുമ്പ് വരെ കുടുംബവുമായി ബന്ധമുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ ജലീല്‍ മാവോയിസ്റ്റ് സ്‌ക്വാഡ് അംഗമായിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനായ സി.പി റഷീദിന്റെ സഹോദരനാണ്. ജലീലിന്റെ മൂത്ത സഹോദരന്‍മാരായ സി.പി ഇസ്മയിലും സി.പി മൊയ്തീനും മാവോയിസ്റ്റ് സ്‌ക്വാഡ് അംഗങ്ങളാണ്. കബനീ ദളത്തില്‍ ഉള്‍പ്പെട്ട മൊയ്തീനും പോലീസിന്റെ നോട്ടപ്പുള്ളിയാണ്. മൂന്ന് വര്‍ഷം മുമ്പ് പൂനെയില്‍ വച്ച് മുരളി കണ്ണംപള്ളിയോടൊപ്പം സി.പി ഇസ്മയില്‍ അറസ്റ്റിലായിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് ജലീലിനേയും നോട്ടമിട്ടിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. തുടര്‍ന്ന് ഒളിവില്‍ പോവുകയായിരുന്നു എന്നാണ് അറിവ്.
വൈത്തിരിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും പോലീസും തണ്ടര്‍ബോള്‍ട്ടും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി കരുതിക്കൂട്ടി നടന്ന കൊലപാതകമാണിതെന്നും ആരോപിച്ച് ബന്ധുക്കളും സുഹൃത്തുക്കളും രംഗത്ത് വന്നിട്ടുണ്ട്. കൃത്യമായി തലയ്ക്ക് വെടിയേറ്റ് ജലീല്‍ മരിച്ചതിലും ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു.സുഗന്ധഗിരി മേഖലയിലെ ആദിവാസികള്‍ക്കിടയില്‍ ഒരു വര്‍ഷത്തോളമായി മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം സജീവമാണെന്നും, നേരത്തെയും പണവും ഭക്ഷണവും ആവശ്യപ്പെട്ട് പരിസരപ്രദേശങ്ങളില്‍ ഇവര്‍ എത്തിയിരുന്നതായും പ്രദേശവാസികളും ചൂണ്ടിക്കാട്ടുന്നു. സുഗന്ധഗിരിയിലെ ആദിവാസികളെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും മാവോയിസ്റ്റുകള്‍ ശേഖരിച്ചിരുന്നതായാണ് സി.കെ. ശശീന്ദ്രന്റെ പ്രസ്താവന. പ്രളയകാലത്ത് മണ്ണിടിഞ്ഞും വീടും സ്ഥലവും ഒലിച്ചു പോയും ഏറെ ബുദ്ധിമുട്ടിയിരുന്ന സുഗന്ധഗിരിയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സന്നദ്ധ സംഘടനകളടക്കമുള്ളവര്‍ എത്തിച്ചുകൊടുത്തിരുന്ന ഭക്ഷ്യവസ്തുക്കള്‍ പോലും ഇവിടെയെത്തിയ മാവോയിസ്റ്റുകള്‍ കൊണ്ടുപോയിരുന്നതായി ശശീന്ദ്രന്‍ പറയുന്നു.
‘മാവോയിസ്റ്റുകളുടെ ഒരു സംഘം സുഗന്ധഗിരിയിലെത്തി നേരത്തേയും രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയിരുന്നു. സായുധരായെത്തി ആളുകളെ ഭയപ്പെടുത്തുന്ന രീതിയായിരുന്നു അവരുടേത്. അതിന്റേതായ ഒരു ഭീതി ആദിവാസികള്‍ക്കുമുണ്ടായിരുന്നു. ഇവര്‍ക്ക് ഉപയോഗിക്കാനുള്ള അരിയെടുത്തുകൊണ്ടുപോകുക, നിര്‍ബന്ധിച്ച് ഭക്ഷണം പാകം ചെയ്യിപ്പിക്കുക, ഇതൊക്കെയായിരുന്നു മാവോയിസ്റ്റുകളുടെ പ്രവര്‍ത്തന ശൈലി. പ്രളയകാലത്ത് ദുരിതാശ്വാസമായി എത്തിച്ച അരിയടക്കം ഇവര്‍ കൊണ്ടുപോയിട്ടുണ്ട്. ഇന്നലെയും ഹോട്ടലുടമയെ സമീപിച്ച് പണം വേണമെന്നാണ് ആവശ്യപ്പെട്ടത്. കൈയില്‍ പണമില്ല എന്നു പറഞ്ഞപ്പോള്‍ എ.ടി.എമ്മില്‍ നിന്നും എടുത്തു വരാന്‍ പറഞ്ഞയച്ച സമയത്താണ് പൊലീസിലറിയിക്കാന്‍ ഉടമയ്ക്ക് സാധിച്ചത്. സാധാരണഗതിയില്‍ ഭയപ്പെട്ട് ആളുകള്‍ പണം കൊടുക്കുകയാണ് പതിവ്.‘ സി.കെ. ശശീന്ദ്രന്‍ പറയുന്നു.