
ക്രൈം ഡെസ്ക്
കൊച്ചി: അബദ്ധത്തിൽ പത്താം ക്ലാസുകാരൻ യുവാവിന്റെ തലയ്ക്കു നേരെ തോക്ക് ചൂണ്ടി വച്ച വെടി തലയോട് തുളച്ചു കയറി. തൃശ്ശൂര്‍ ചേര്‍പ്പ് സ്വദേശിയായ 30 കാരന്റെ തലയിലാണ് എയർ ഗണ്ണിൽ നിന്നുള്ള വെടിയുണ്ട തുളച്ച് കയറിയത്.
തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടിയാണ് യുവാവിന്റെ തലയില്‍ വെടിയുണ്ട കയറിയത്. എയര്‍ഗണ്ണില്‍ തിരയില്ലെന്നു കരുതി, യുവാവിന്റെ സുഹൃത്തുകൂടിയായ പത്താംക്ലാസ് വിദ്യാര്‍ഥി തമാശയില്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആദ്യം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് വെടിയുണ്ട നീക്കം ചെയ്യാന്‍ യുവാവിനെ അമൃത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
30 കാരന്റെ തലയില്‍ തുളഞ്ഞുകയറിയ വെടിയുണ്ട അമൃത ആശുപത്രിയില്‍ നടന്ന റോബോട്ടിക് എന്‍ഡോസ്‌കോപ്പിക് അസിസ്റ്റഡ് സര്‍ജറിയിലൂടെയാണ് വിജയകരമായി നീക്കം ചെയ്തത്. ന്യൂറോ സര്‍ജറി വിഭാഗത്തിലെ ഡോ. പരശുരാമന്റെ നേതൃത്വത്തില്‍ നാലു മണിക്കൂറോളം നീണ്ട അതീവ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെയാണ് വെടിയുണ്ട നീക്കം ചെയ്തത്.
തലയോട്ടിയുടെ ഇടതുഭാഗത്ത്, തലച്ചോറിലെ പ്രധാന രക്തക്കുഴലിനോട് ചേര്‍ന്നാണ് വെടിയുണ്ട തറച്ചിരുന്നത്. ഓര്‍മ, ബുദ്ധിശക്തി, സംസാരശേഷി എന്നിവ കൈകാര്യം ചെയ്യുന്നത് തലച്ചോറിന്റെ ഇടതുഭാഗമായതിനാല്‍ തുറന്ന ശസ്ത്രക്രിയ ചെയ്യുന്നത് ബുദ്ധിമുട്ടായിരുന്നു. തുറന്ന ശസ്ത്രക്രിയ ചെയ്താല്‍ രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാകാനും സാധ്യതയുണ്ടായിരുന്നു. കൂടാതെ വെടിയുണ്ട ലോഹം ആയതിനാല്‍ എം.ആര്‍.ഐ. സ്‌കാന്‍ ചെയ്യുവാനും സാധിക്കുമായിരുന്നില്ല.
തലയോട്ടിയില്‍ 3 സെന്റീമീറ്റര്‍ വലിപ്പത്തില്‍ വിടവുണ്ടാക്കിയാണ് റോബോട്ടിക് എന്‍ഡോസ്‌കോപ്പിക് അസിസ്റ്റഡ് സര്‍ജറിയിലൂടെ വെടിയുണ്ട നീക്കം ചെയ്തത്. പൂര്‍ണമായും ആരോഗ്യശേഷി വീണ്ടെടുത്ത രോഗിക്ക് ഇപ്പോള്‍ സംസാരിക്കുന്നതിനും മറ്റും ബുദ്ധിമുട്ടില്ല.