ഒന്നര മാസത്തിനിടെ നാല് ക്ഷേത്രങ്ങളില്‍ മോഷണം ; പ്രതിയുടെ ഫോട്ടോ പുറത്തുവിട്ടു; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
മലപ്പുറം: തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ഒന്നര മാസത്തിനിടെ നാല് ക്ഷേത്രങ്ങളില്‍ മോഷണ നടത്തിയ പ്രതിയുടെ ഫോട്ടോ പുറത്തുവിട്ട് പൊലീസ്. ഒന്നര മാസം മുമ്പ് പാണമ്പ്ര വടക്കേത്തൊടി സുബ്രഹ്മണ്യ ക്ഷേത്രം, ചൊവ്വയില്‍ ശിവക്ഷേത്രം, കളത്തിങ്ങല്‍ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും ഒരാഴ്ച മുമ്പ് പള്ളിക്കല്‍ കാവ് ഭഗവതി ക്ഷേത്രത്തിലും കഴിഞ്ഞ ദിവസം നെടുങ്ങോട്ട്മാട് വിഷ്ണു ക്ഷേത്രത്തിലും മോഷണം നടന്നത്.
നാലിടത്തും മോഷണം നടത്തിയത് ഒരേയാളാണെന്ന് പോലീസ് വ്യക്തമാക്കി. ഇയാള്‍ക്കായി ജില്ലയിലാകെ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. എടപ്പാള്‍ സ്വദേശി കണ്ടനകം വീട്ടില്‍ സജീഷ് (42) ആണ് പ്രതിയെന്നാണ് പോലീസ് പറയുന്നത്. നേരത്തെ മറ്റൊരു മോഷണക്കേസില്‍ ജയിലായി ജാമ്യത്തിലിറങ്ങിയ ഇയാളുടെ വിരലടയാളമാണ് മോഷണ സ്ഥലത്തു നിന്നും ഉദ്യോഗസ്ഥര്‍ക്ക് തെളിവായി ലഭിച്ചിരിക്കുന്നത്.
ബൈക്കുകള്‍ മോഷ്ടിച്ച് നമ്പര്‍ മാറ്റി മോഷണത്തിനിറങ്ങുകയും പിന്നീട് മോഷ്ടിച്ച ബൈക്ക് എവിടെയെങ്കിലും ഉപേക്ഷിച്ച് പോകുന്നതാണ് ഇയാളുടെ രീതി. മോഷണം നടന്ന സ്ഥലങ്ങളിലെ സി സി ടി വി കേന്ദ്രീകരിച്ച് പൊലീസ് പരിശോധന നടത്തിയെങ്കിലും പ്രതിയെ പിടികൂടാനായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ഷേത്ര ഭണ്ഡാരങ്ങളില്‍ നിന്നും ചില്ലറ നാണയങ്ങള്‍ കൈമാറുന്ന സ്ഥലങ്ങള്‍ കണ്ടെത്തി പ്രതിയെ കണ്ടുപിടിക്കാനാണ് പൊലീസിന്‍റെ ഇപ്പോഴത്തെ ശ്രമം. അതേ സമയം ഇടിമുഴിക്കലില്‍ നിന്നും പ്രതി മോഷ്ടിച്ച ബൈക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ ബൈക്കിന്റെ നമ്പര്‍ മാറ്റി ഉപയോഗിച്ചാണ് നിലവിലെ രണ്ട് മോഷണങ്ങളും നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം.
അന്വേഷണം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് പ്രതിയുടെ ചിത്രം പരസ്യപ്പെടുത്തിയത്. ഇയാളെ തിരിച്ചറിയുന്നവര്‍ പൊലീസിനെ വിവരമറിയിക്കണമെന്ന് തേഞ്ഞിപ്പാലം എസ്എച്ച്ഒ കെ.ഒ പ്രദീപ് പറഞ്ഞു. രാത്രികാലങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ച് രാത്രി പട്രോളിംഗ് ശക്തമാക്കാനും തീരുമാനിച്ചതായി തേഞ്ഞിപ്പലം പോലീസ് അറിയിച്ചു.