തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള വെള്ളൂര്‍ മുടക്കാരി ദേവീക്ഷേത്രത്തിൻ്റെ ശ്രീകോവിൽ അടക്കാതെ പൂജാരി മുങ്ങി; പൂജാരിയെ പുറത്താക്കി ദേവസ്വം ബോർഡ്

Spread the love

കാരിക്കോട്:ക്ഷേത്രത്തിന്‍റെ ശ്രീകോവില്‍ അടയ്ക്കാതെ ശാന്തിക്കാരൻ മുങ്ങി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള വെള്ളൂര്‍ മുടക്കാരി ദേവീക്ഷേത്ര നടയാണ് അടയ്ക്കാതെ പോയത്.

ഇന്നലെ രാവിലത്തെ പൂജ കഴിഞ്ഞാണ് നട അടയ്ക്കാതിരുന്നത്.ഉച്ചകഴിഞ്ഞ് മൂന്നോടെ സമീപത്തെ ഹോട്ടല്‍ ഉടമയുടെ ഭാര്യയാണ് നട തുറന്ന് കിടക്കുന്ന വിവരം ക്ഷേത്ര ഉപദേശക സമിതി പ്രവര്‍ത്തകരെ അറിയിച്ചത്. കമ്മിറ്റിക്കാര്‍ ക്ഷേത്രത്തിനു തൊട്ടുസമീപം താമസിക്കുന്ന ശാന്തിക്കാരനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ശാന്തിക്കാരൻ ഫോണ്‍ എടുത്തില്ല.

ഇതേത്തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് വൈക്കം അസിസ്റ്റന്‍റ് കമ്മീഷണറെയും മുളക്കുളം സബ് ഗ്രൂപ്പ് ഓഫീസറെയും വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ സബ് ഗ്രൂപ്പ് ഓഫീസര്‍ സ്ഥലത്തെത്തി മഹസര്‍ തയാറാക്കുകയും ശാന്തിക്കാരൻ മുരളീധര ശര്‍മയെ പുറത്തുനിര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് മുളക്കുളത്തുനിന്ന് മറ്റൊരു ശാന്തിക്കാരൻ എത്തി നട അടയ്ക്കുകയും പിന്നീട് വൈകുന്നേരം നട തുറക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശാന്തിക്കാരൻ മുരളീധര ശര്‍മയ്ക്കെതിരേ ക്ഷേത്രത്തിലെത്തുന്ന ഭകതരോട് മോശമായി പെരുമാറുന്നതായും പൂജകള്‍ സമയത്ത് ചെയ്യുന്നില്ലെന്നും കാട്ടി പരാതി നല്‍കിയിട്ടുണ്ടെന്നും ക്ഷേത്രോപദേശക സമിതി പ്രസിഡന്‍റ് കെ.എസ്. മോഹനൻ നായരും സെക്രട്ടറി റെജിക്കുട്ടനും പറഞ്ഞു.