video
play-sharp-fill
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനു കീഴില്‍ 1252 ക്ഷേത്രങ്ങളിലായി 540 കിലോയോളം സ്വര്‍ണം; 500 കിലോ സ്വർണ്ണം ബാങ്കിലേക്ക് മാറ്റാന്‍ ഒരുവര്‍ഷംമുന്‍പ് ദേവസ്വംബോര്‍ഡ് തീരുമാനം ; വിപണി വിലയനുസരിച്ച്‌ ഏകദേശം 370 കോടി രൂപയുടെ മൂല്യം ; ഗോള്‍ഡ് ഡിപ്പോസിറ്റ് സ്‌കീമില്‍ സ്വര്‍ണം നിക്ഷേപിക്കുന്നതോടെ അധിക വരുമാനവും ലഭിക്കും

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനു കീഴില്‍ 1252 ക്ഷേത്രങ്ങളിലായി 540 കിലോയോളം സ്വര്‍ണം; 500 കിലോ സ്വർണ്ണം ബാങ്കിലേക്ക് മാറ്റാന്‍ ഒരുവര്‍ഷംമുന്‍പ് ദേവസ്വംബോര്‍ഡ് തീരുമാനം ; വിപണി വിലയനുസരിച്ച്‌ ഏകദേശം 370 കോടി രൂപയുടെ മൂല്യം ; ഗോള്‍ഡ് ഡിപ്പോസിറ്റ് സ്‌കീമില്‍ സ്വര്‍ണം നിക്ഷേപിക്കുന്നതോടെ അധിക വരുമാനവും ലഭിക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ സ്വര്‍ണ ഉരുപ്പടികള്‍ ബാങ്കിലേക്കു മാറ്റുന്നതിനായി കുറച്ചു കാലമായി തന്നെ ശ്രമം നടക്കുന്നുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ഇത്തരമൊരു പരിശ്രമവുമായി രംഗത്തുവന്നത്. ഇതിനായി വീണ്ടും കണക്കെടുപ്പുകള്‍ നടത്തും. ശബരിമലയിലേതുകൂടി പൂര്‍ത്തിയായാല്‍ ജനുവരിയോടെ 500 കിലോ സ്വര്‍ണം കൈമാറാനാണ് നീക്കം.

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനു കീഴില്‍ 1252 ക്ഷേത്രങ്ങളിലായി 540 കിലോയോളം സ്വര്‍ണമുണ്ടെന്നാണ് പ്രാഥമികമായി നടത്തിയ കണക്കെടുപ്പില്‍ വ്യക്തമായ കാര്യം. ഇതില്‍ 500 കിലോ എസ്.ബി.ഐ.യിലേക്കുമാറ്റാന്‍ ഒരുവര്‍ഷംമുന്‍പ് ദേവസ്വംബോര്‍ഡ് തീരുമാനം എടുത്തിരുന്നു. സ്വര്‍ണത്തിന്റെ വിപണിവിലയ്ക്ക് ആനുപാതികമായി രണ്ടരശതമാനം പലിശകിട്ടുന്ന റിസര്‍വ് ബാങ്കിന്റെ ഗോള്‍ഡ് ഡിപ്പോസിറ്റ് സ്‌കീമില്‍ സ്വര്‍ണം നിക്ഷേപിക്കാന്‍ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചും അനുമതി നല്‍കിയിരുന്നു. കോടതി അനുമതിയോടെയാണ് ദേവസ്വം സ്വര്‍ണം മാറാന്‍ നീക്കം നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമലയിലെ സ്വര്‍ണത്തില്‍ രണ്ടാം പരിശോധന നടന്നിട്ടില്ല. തിരുവാഭരണം കമ്മിഷണര്‍, ശബരിമല എക്സിക്യുട്ടീവ് ഓഫീസര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കാണ് ഫിസിക്കല്‍ വെരിഫിക്കേഷനുള്ള ചുമതല. ഇത് നവംബര്‍ 15-നകം പൂര്‍ത്തിയായാല്‍ ഓഡിറ്റ് വിഭാഗവും എസ്.ബി.ഐ.യും വീണ്ടും പരിശോധിച്ച്‌ സ്വര്‍ണത്തിന്റെ അളവ് തിട്ടപ്പെടുത്തും. ജനുവരിയോടെ ബാങ്കിലേക്കു മാറ്റാനായേക്കും.

അതേസമയം സ്വര്‍ണ നിക്ഷേപം വഴി ദേവസ്വം ബോര്‍ഡിന് നല്ലൊരു തുക ലഭിക്കുകയും ചെയ്യും. എസ്.ബി.ഐ.യിലേക്കു മാറ്റുന്നത് 62,500 പവനാണ്. ഇപ്പോഴത്തെ വിപണിവിലയനുസരിച്ച്‌ ഏകദേശം 370 കോടി രൂപയോളം മൂല്യം വരുമിത്. ക്ഷേത്രങ്ങളില്‍ ഭക്തര്‍ കാണിക്കയായും നടയ്ക്കുവെച്ചതുമായ സ്വര്‍ണം മൂന്നുവിഭാഗമായി തിരിച്ചിട്ടുണ്ട്. ഈ സ്വര്‍ണങ്ങളുടെ ക്വാളിറ്റി വിലയിരുത്തി തരംതിരിച്ചിട്ടുണ്ട്.

പൗരാണികമൂല്യമുള്ളവ ‘എ’യിലും നിത്യപൂജകള്‍ക്കും ഉത്സവം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്കും ഉപയോഗിക്കുന്നവ ‘ബി’യിലുമാണ്. രണ്ടിലുംപെടാത്ത ‘സി’ വിഭാഗത്തിലുള്ള സ്വര്‍ണമാണ് ബാങ്കിലേക്കു മാറ്റുന്നത്. വെള്ളിയാഭരണങ്ങളും നിക്ഷേപപദ്ധതിയില്‍ ഉള്‍പ്പെടുത്തും. കൊച്ചി, ഗുരുവായൂര്‍ ദേവസ്വംബോര്‍ഡുകളും സ്വര്‍ണനിക്ഷേപപദ്ധതി നടപ്പാക്കിയിട്ടുണ്ട്.