
കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞത് പടക്കം പൊട്ടുന്ന ശബ്ദം കേട്ടിട്ടാണെന്ന് പ്രാഥമിക നിഗമനം. പടക്കം പൊട്ടുന്ന ഉഗ്രശബ്ദം കേട്ടതോടെ എഴുന്നള്ളത്തിനെത്തിയ ഒരു ആന ഇടയുകയായിരുന്നു.
ഈ ആന വിരണ്ട് തൊട്ടടുത്തുള്ള ആനയെ കുത്തുകയും, ഈ ആന കമ്മിറ്റി ഓഫീസിന് മുകളിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ആന മറിഞ്ഞുവീണ ഓഫീസിനുള്ളില്‍ ആളുകള്‍ ഉണ്ടായിരുന്നത് പരിക്കേറ്റവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായി.
പിതാംബരന്‍, ഗോഗുല്‍ എന്നീ ആനകളാണ് വിരണ്ടത്. ആന വിരണ്ടതോടെ അവിടെ തടിച്ചുകൂടിയിരുന്ന ആളുകളും ചിതറിയോടി. ആനയുടെ ചവിട്ടേറ്റാണ് സ്ത്രീകള്‍ മരിച്ചതെന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന വിവരങ്ങള്‍. രണ്ട് സ്ത്രീകളും ഒരു പുരുഷനുമുള്‍പ്പെടെ മൂന്ന് ആളുകള്‍ മരിക്കുകയും മുപ്പതോളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറുവങ്ങാട് വെട്ടാം കണ്ടി താഴെകുനി ലീല (65), വടക്കയില്‍ അമ്മുക്കുട്ടി അമ്മ (70), രാജന്‍ എന്നിവരാണ് മരണപ്പെട്ടത്. ആനകളുടെ ചവിട്ടേറ്റാണ് സ്ത്രീകൾ മരിച്ചതെന്നാണ് വിവരം. പരിക്കേറ്റവരില്‍ എട്ടുപേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും സമീപപ്രദേശത്തെ ആശുപത്രികളിലേക്കും മാറ്റി. പരിക്കേറ്റവരില്‍ കൂടുതലും സ്ത്രീകളുമാണ്. അക്രമാസക്തരായ ആനകളെ പിന്നീട് പാപ്പാന്മാര്‍ തളച്ചു. അക്രമാസക്തരായ ആനകള്‍ ക്ഷേത്രകെട്ടിടത്തിന്റെ മേല്‍ക്കൂരയും ഓഫീസ് മുറിയും തകര്‍ത്തു. പത്തുവര്‍ഷം മുമ്പും ഇതേ ക്ഷേത്രത്തില്‍ ആനയിടഞ്ഞിരുന്നു.