
ടെലിവിഷൻ ആരാധകർക്ക് സന്തോഷിക്കാം : ചാനൽ നിരക്കുകൾ കുറച്ചു ; ഇനി മുതൽ എല്ലാ ചാനലുകളും മാസം 160 രൂപയ്ക്ക്
സ്വന്തം ലേഖകൻ
മുംബൈ: കേബിൾ നിരക്കുകൾ വളരെ കൂടുതലാണെന്ന ഉപഭോക്താക്കളുടെ പരാതികൾക്ക് പരിഹാരവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ( ട്രായ്) ചാനൽ നിരക്കുകൾ വീണ്ടും കുറച്ചു .
പുതിയ ഭേദഗതി അനുസരിച്ച് മുഴുവൻ സൗജന്യ ചാനലും കാണാൻ ഇനി നൽകേണ്ടത് 160 രൂപയാണ്. നേരത്തേ 100 ചാനൽ കാണുന്നതിന് 130 രൂപയും നികുതിയും ഉൾപ്പെടെ 153.40 രൂപ ഏർപ്പെടുത്തിയിരുന്നു . പുതിയ ഭേദഗതിപ്രകാരം 153 രൂപയ്ക്ക് 200 സൗജന്യ ചാനൽ ലഭിക്കും. ഇതിൽ 25 ദൂരദർശൻ ചാനൽ നിർബന്ധമായി ഉൾപ്പെടുത്തിയിട്ടുമില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ 25 ഡി.ഡി.ചാനലുകളടക്കം നൂറുചാനലായിരുന്നു. അപ്പോൾ ഉപഭോക്താവിന് തിരഞ്ഞെടുക്കാൻ സാധിച്ചിരുന്നത് 75 ചാനലുകൾ മാത്രമായിരുന്നു. നിലവിൽ വരുത്തിയ മാറ്റമനുസരിച്ച് 200 ചാനലുകൾ തിരഞ്ഞെടുക്കാം. മാർച്ച് ഒന്നുമുതൽ ഉത്തരവ് പ്രാബല്യത്തിൽവരും.
അതെ സമയം ഒരു വീട്ടിൽ രണ്ട് ടെലിവിഷൻ ഉണ്ടെങ്കിൽ രണ്ടാമത്തേതിന് നെറ്റ്വർക്ക് കപ്പാസിറ്റി നിരക്കിന്റെ 40 ശതമാനമേ ഈടാക്കാൻ പാടുള്ളൂ. ആറുമാസത്തേക്കോ അതിലധികമോ ഒന്നിച്ച് വരിസംഖ്യയടയ്ക്കുന്നവർക്ക് നിരക്കിൽ കിഴിവ് നൽകാനും ട്രായ് ആനുകൂല്യം നൽകുന്നു.
ചാനലുകൾ ഡി.ടി.എച്ച്., കേബിൾ ടി.വി.കളുടെ പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തുന്നതിനുള്ള ഫീസ് മാസം പരമാവധി നാലുലക്ഷമായി നിജപ്പെടുത്തി.