ഒന്‍പതില്‍ കൂടുതല്‍ സിംകാര്‍ഡ് കൈവശമുള്ളവര്‍ കുടുങ്ങും; തിരികെ നല്‍കാന്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ പുതിയ നിര്‍ദ്ദേശം
സ്വന്തം ലേഖകന്‍
കൊല്ലം: ഒന്‍പതിലധികം സിംകാര്‍ഡുകള്‍ സ്വന്തംപേരിലുള്ളവര്‍ ജനുവരി പത്തിനകം തിരിച്ചു നല്‍കണമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ പുതിയ നിര്‍ദ്ദേശം. ഇതുസംബന്ധിച്ച സന്ദേശം ടെലികോം സേവനദാതാക്കള്‍ ഉപഭോക്താക്കള്‍ക്ക് അയച്ച് തുടങ്ങി. കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ വകുപ്പിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് ഒരാള്‍ക്ക് സ്വന്തംപേരില്‍ പരമാവധി ഒന്‍പതു സിംകാര്‍ഡുകള്‍ മാത്രമേ കൈവശംവയ്ക്കാനാകൂ. അധികമുള്ള സിം കാര്‍ഡുകള്‍ മടക്കിനല്‍കിയില്ലെങ്കില്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് നേരിട്ട് നോട്ടീസ് നല്‍കിയേക്കുമെന്ന് ടെലികോം സേവനദാതാക്കള്‍ പറയുന്നു.
ഓരോവ്യക്തിയും കൈവശം വച്ചിരിക്കുന്ന കണക്ഷനുകള്‍ എത്രയെണ്ണമുണ്ടെന്ന കണക്കുമാത്രമേ അതാത് ടെലികോം സേവനദാതാക്കളുടെ പക്കലുള്ളൂ. മറ്റ് സേവനദാതാക്കളുടെ വിവരങ്ങളോ അവരുടെ കണക്ഷനുകളോ പരിശോധിക്കാന്‍ കഴിയില്ല. പക്ഷേ, ടെലികമ്യൂണിക്കേഷന്‍ വകുപ്പിന്റെ കൈവശം എല്ലാ കണക്ഷനുകളുടെയും വിവരങ്ങളുണ്ട്. അതിനാല്‍ തന്നെ ഒന്‍പതിലധികം സിം കാര്‍ഡുകള്‍ കൈവശമുള്ളവര്‍ സ്വന്തമായി മുന്‍കൈയ്യെടുത്ത് അവ തിരികെ നല്‍കണം. ദീര്‍ഘകാലം ഉപയോഗിക്കാതിരുന്ന സിംകാര്‍ഡുകളുടെ കണക്ഷന്‍ തനേ റദ്ദാകുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group