
ഹൈദരാബാദ്: റീൽസ് ചിത്രീകരിക്കുന്നതിനിടെ സഹോദരങ്ങളടക്കം അഞ്ചു പേർ ഡാമിൽ മുങ്ങി മരിച്ചു. മുഷീറാബാദ് സ്വദേശികളായ ധനുഷ് (20) സഹോദരൻ ലോഹിത് (17) ബൻസിലാപേട്ട് സ്വദേശി ദിനേശ്വർ (17) കൈറാത്ബാദ് സ്വദേശി ജതിൻ (17) സഹിൽ (19) എന്നിവരാണ് മരിച്ചത്. തെലങ്കാനയിലെ സിദ്ദിപേട്ടിലെ കൊണ്ടപൊച്ചമ്മ സാഗർ ഡാമിൻ്റെ റിസർവോയറിൽ ശനിയാഴ്ച വൈകിട്ടോടെയായിരുന്നു അപകടം.
ശനിയാഴ്ച രാവിലെയാണ് മൂന്ന് ഇരുചക്രവാഹനങ്ങളിലായി ഏഴംഗസംഘം ജലാശയത്തിലേക്ക് യാത്ര പുറപ്പെട്ടത്. ആദ്യം കരയിലിരുന്ന് കാഴ്ചകൾ ആസ്വദിച്ച സംഘം പിന്നീട് ജലാശയത്തിലിറങ്ങുകയായിരുന്നു. പിന്നാലെ റീൽസ് ചിത്രീകരിക്കാനായി കൂടുതൽ ആഴമുള്ള ഭാഗത്തേക്ക് നീങ്ങിയതോടെയാണ് ഇവർ മുങ്ങിപ്പോയത്. മുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കൂടുതൽ പേർ അപകടത്തിൽപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ആർക്കും നീന്തൽ അറിയില്ലെന്നും പോലീസ് പറഞ്ഞു.
ഇവരോടൊപ്പമുണ്ടായിരുന്ന കെ.മൃഗംങ്ക് (17) മുഹമ്മദ് ഇബ്രാഹിം (20) എന്നിവരാണ് അപകടവിവരം പുറത്തറിയിച്ചത്. തുടർന്ന് മുങ്ങൽ വിദഗ്‌ധർ സ്ഥലത്തെത്തി അഞ്ചുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


