രണ്ടും കൽപ്പിച്ച് ടീക്കറാം മീണ മുഖ്യമന്ത്രിയുടെ പരിപാടിക്ക് അനുമതിയില്ല.
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കള്ളവോട്ട് വിഷയത്തിൽ സി.പി.എമ്മിന്റെ അതൃപ്തി മൂലം കസേര തെറിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടകനായി പങ്കെടുക്കുന്ന ചടങ്ങിന് അനുമതി നിഷേധിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. കൺസ്യൂമർ ഫെഡ് സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന സ്റ്റുഡന്റ്‌സ് മാർക്കറ്റിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിനാണ് അനുമതി നിഷേധിച്ചത്. വോട്ടെടുപ്പ് അവസാനിച്ചെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അതേസമയം, തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാർ തലത്തിൽ അടിയന്തര ഇടപെടലുകൾ നടത്തിയെങ്കിലും പിന്നീട് മന്ത്രിമാർ ചടങ്ങിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിക്കുകയായിരുന്നു. മീണയുടെ നിർദ്ദേശങ്ങൾ അനുസരിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷനായി പങ്കെടുക്കുന്ന ചടങ്ങിന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളിൽ നിന്ന് ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് കൺസ്യൂമർ ഫെഡ് എം.ഡിയാണ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. എന്നാൽ പെരുമാറ്റച്ചട്ടങ്ങളിൽ ഇളവ് തേടി കൺസ്യൂമർ ഫെഡ് എം.ഡിയല്ല അപേക്ഷ നൽകേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചതെന്നാണ് വിവരം. നിലവിൽ നൽകിയിരിക്കുന്ന അപേക്ഷ നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ നൽകുന്ന സൂചന. സഹകരണ വകുപ്പ് സെക്രട്ടറിയോ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ഉന്നതാധികാര സമതിയോ ആവശ്യപ്പെട്ടിരുന്നുവെങ്കിൽ അനുമതി നൽകുമായിരുന്നുവെന്നും കമ്മിഷൻ അറിയിച്ചു.