
മികച്ച ബാറ്ററി ലൈഫ്, ലുക്കില്‍ ഒന്നാമൻ; ഗൂഗിള്‍ പിക്സല്‍ 9എ വിപണിയില്‍
ആപ്പിള്‍ ഐഫോണ്‍ 16ഇയ്ക്ക് ശക്തമായ എതിരാളിയായി ഗൂഗിള്‍ പിക്സല്‍ 9എ വിപണിയില്‍.
50,000 രൂപയ്ക്ക് മികച്ച ക്യാമറ സംവിധാനമുള്ള സ്മാർട്ട്ഫോണ്‍ തേടുന്നവർക്ക് പരിഗണിക്കാവുന്ന ഒരു മോഡലാണിത്.
ഇതുവരെ പുറത്തിറങ്ങിയ പിക്സല്‍ ഫോണുകളില്‍ ഏറ്റവും മികച്ച ബാറ്ററി ലൈഫും പിക്സല്‍ 9എയ്ക്ക് ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നു. ആപ്പിളും ഗൂഗിളും താങ്ങാവുന്ന വിലയില്‍ മികച്ച ഫീച്ചറുകളുള്ള ഫോണുകള്‍ പുറത്തിറക്കാൻ ശ്രമിക്കുന്നത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഗുണകരമാകും. പിക്സല്‍ 9എയുടെ 128 ജിബി വേരിയന്റിന് ഏകദേശം 49,999 രൂപയാണ് വില. എന്നാല്‍ ഐഫോണ്‍ 16ഇക്ക് ഇതിലും 10,000 രൂപ അധികം നല്‍കേണ്ടിവരും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെമി-പ്രീമിയം വിഭാഗത്തില്‍പ്പെടുന്ന ഈ രണ്ട് ഫോണുകളും ഇന്ത്യ പോലുള്ള വിപണികള്‍ ലക്ഷ്യമിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. ഗൂഗിള്‍ ടെൻസർ ജി4 പ്രൊസസറില്‍ പ്രവർത്തിക്കുന്ന പിക്സല്‍ 9എയില്‍ 8 ജിബി റാമും 128/256 ജിബി യുഎഫ്‌എസ് 3.1 സ്റ്റോറേജുമുണ്ട്. ആൻഡ്രോയിഡ് 15 ഒഎസിലാണ് ഫോണ്‍ പ്രവർത്തിക്കുന്നത്. 48 എംപി പ്രധാന ക്യാമറയും 13 എംപി അള്‍ട്രാ വൈഡ്, സെല്‍ഫി ക്യാമറകളുമടങ്ങിയ ഡ്യുവല്‍ റിയർ ക്യാമറ സംവിധാനമാണ് പിക്സല്‍ 9എയിലുള്ളത്. എഐ പിന്തുണയുള്ള മാക്രോ ഫോക്കസ്, നൈറ്റ് മോഡ്, അസ്ട്രോഫോട്ടോഗ്രാഫി, മാജിക് ഇറേസർ, ഓഡിയോ മാജിക് ഇറേസർ, പനോരമ വിത്ത് നൈറ്റ് മോഡ്, ആഡ് മി, ബെസ്റ്റ് ടേക്ക് തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്. അരലക്ഷം രൂപയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ക്യാമറ സംവിധാനമുള്ള ഫോണുകളില്‍ ഒന്നായിരിക്കും പിക്സല്‍ 9എ എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
ഗൂഗിള്‍ വിപിഎൻ, ടൈറ്റൻ എം2 സെക്യൂരിറ്റി ചിപ്പ്, മള്‍ട്ടി-ലെയർ ഹാർഡ്‌വെയർ സുരക്ഷ, ഐപി68 വാട്ടർ, ഡസ്റ്റ് റെസിസ്റ്റൻസ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും പിക്സല്‍ 9എയില്‍ ഉണ്ട്. പവർ ബട്ടണില്‍ തന്നെ കപ്പാസിറ്റിവ് ഫിംഗർപ്രിന്റ് സെൻസർ, ചി-വയർലെസ് ചാർജിങ്, 5100 എംഎഎച്ച് ബാറ്ററി, 23w വയേഡ്, 7.5w വയർലെസ് ചാർജിങ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍. സാധാരണ ഉപയോഗത്തില്‍ 30 മണിക്കൂറിലധികം ബാറ്ററി ലൈഫ് ലഭിക്കുമെന്നും എക്‌സ്ട്രീം ബാറ്ററി സേവർ മോഡില്‍ 100 മണിക്കൂർ വരെ ഉപയോഗിക്കാമെന്നും ഗൂഗിള്‍ അവകാശപ്പെടുന്നു. 6.3 ഇഞ്ച് ആക്ച്വ ഒഎല്‍ഇഡി ഡിസ്പ്ലേ, 120 ഹെട്‌സ് റിഫ്രഷ് റേറ്റ്, 2700 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നെസ്, കോണിങ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണം എന്നിവയാണ് പിക്സല്‍ 9എയുടെ ഡിസ്പ്ലേയുടെ സവിശേഷതകള്‍.
ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഫീച്ചറുകള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ഗൂഗിള്‍ പിക്സല്‍ 9എ പുറത്തിറക്കിയിരിക്കുന്നത്. ഗൂഗിള്‍ ജെമിനി എഐ ഫോട്ടോ എഡിറ്റിങ്, ഇമേജ് ജനറേഷൻ, വോയിസ് അസിസ്റ്റന്റ്, തത്സമയ തർജ്ജമ തുടങ്ങിയ എഐ ഫീച്ചറുകള്‍ പിക്സല്‍ 9എയില്‍ ലഭ്യമാണ്. കൂടുതല്‍ എഐ ഫീച്ചറുകള്‍ ഉപയോഗിക്കാൻ താല്പര്യമുള്ളവർക്ക് പിക്സല്‍ 9എ തിരഞ്ഞെടുക്കാവുന്നതാണ്. ആപ്പിളിൻ്റെ എഐ സംവിധാനങ്ങള്‍ ഗൂഗിളിനെ അപേക്ഷിച്ച് അത്ര മികച്ചതല്ലെന്ന വിലയിരുത്തലുകളുണ്ട്.
പിക്സല്‍ ഫോണുകള്‍ക്ക് സ്മാർട്ട്ഫോണ്‍ വിപണിയില്‍ വലിയ സ്വാധീനമില്ലെങ്കിലും ആൻഡ്രോയിഡ് ഒഎസിൻ്റെ മികച്ച ഉപയോഗം എങ്ങനെയാണെന്ന് കാണിച്ചുതരുന്ന ഒരു മാതൃകയാണ് ഗൂഗിള്‍ പിക്സല്‍ ഫോണുകള്‍. പിക്സല്‍ 9എയിലൂടെ ഐഫോണ്‍ 16ഇയെ നേരിടാൻ ഗൂഗിള്‍ ശ്രമിക്കുന്നുണ്ട്. റിഫ്രഷ് റേറ്റില്‍ ഐഫോണ്‍ 16ഇയേക്കാള്‍ മികച്ച ഡിസ്പ്ലേയാണ് പിക്സല്‍ 9എയ്ക്ക് ഉള്ളത്. ഇന്ത്യയില്‍ ഗൂഗിള്‍ സ്റ്റോറുകള്‍ ആരംഭിക്കാനും കമ്ബനി പദ്ധതിയിടുന്നുണ്ട്.
പിക്സല്‍ 9 പ്രീമിയം സീരീസിന് ഭീഷണിയാകാത്ത തരത്തിലാണ് പിക്സല്‍ 9എ പുറത്തിറക്കിയിരിക്കുന്നത്. പിക്സല്‍ 9ന് 12 ജിബി റാമും എംഎംവേവ് കണക്ടിവിറ്റിയും ഉണ്ട്. കൂടാതെ ജെമിനി നാനോ എക്സ്‌എസ് മോഡല്‍ എഐ പ്രീമിയം പിക്സല്‍ ഫോണുകളില്‍ പ്രവർത്തിക്കുന്നു. പിക്സല്‍ 9എയില്‍ കരുത്തു കുറഞ്ഞ ഓണ്‍-ഡിവൈസ് എഐ ആണ് ഉള്ളത്. പിക്സല്‍ 9എ ഏപ്രിലില്‍ വിപണിയില്‍ എത്തും.