തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ചവിട്ടിയാൽ ഞങ്ങളും ചാവും സർ; പൊലീസുകാരെ അപമാനിച്ച മലയാള മനോരമയ്ക്ക് ചുട്ട മറുപടിയുമായി പൊലീസ് ഉദ്യോഗസ്ഥന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറൽ

തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ചവിട്ടിയാൽ ഞങ്ങളും ചാവും സർ; പൊലീസുകാരെ അപമാനിച്ച മലയാള മനോരമയ്ക്ക് ചുട്ട മറുപടിയുമായി പൊലീസ് ഉദ്യോഗസ്ഥന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറൽ

സ്വന്തം ലേഖകൻ

കോട്ടയം: തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ചവിട്ടിയാൽ ഞങ്ങളും ചാവും സർ..! ഞങ്ങളും മജ്ജയും മാംസവും കുടുംബവും ബന്ധങ്ങളുമുള്ള മനുഷ്യരാണ് സർ. പറയുന്നത് മറ്റൊരുമല്ല, തെമ്മാടികൾ എന്ന് മലയാള മനോരമ ദിനപത്രം കഴിഞ്ഞ ദിവസം വിശേഷിപ്പിച്ച ഒരുകൂട്ടം പൊലീസുകാരാണ്. മലയാള മനോരമ ദിനപത്രം പൊലീസുകാരെ അപമാനിച്ച് പ്രസിദ്ധീകരിച്ച കാർട്ടൂണിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇപ്പോൾ ഫെയ്‌സ്ബുക്കിൽ വൈറലായ പൊലീസുകാരന്റെ പോസ്റ്റ്. പൊലീസുകാർ അനുഭവിക്കുന്ന ജോലിയുടെ സമ്മർദങ്ങളും, നേരിടുന്ന പ്രശ്‌നങ്ങളും വ്യക്തമാക്കിയുള്ള പോസ്റ്റാണ് ഇപ്പോൾ ഫെയ്‌സ്ബുക്കിൽ കത്തിപ്പടരുന്നത്.

ഫെയ്‌സ്ബുക്കിൽ വൈറലായ ആ പോസ്റ്റ് ഇങ്ങനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആളെണ്ണത്തിൽ അൻപതിനായിരമോ അറുപതിനായിരമോ ഉണ്ടാവും…തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ നിന്നുള്ളവർ ഉണ്ടാവും..ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ഉണ്ടാവും..20 വയസിനും 55 വയസിനും ഇടയിൽ ഉള്ളവർ ഉണ്ടാകും…പല സാഹചര്യങ്ങളിൽ,പല അവസ്ഥകളിൽ ജീവിക്കുന്നവർ..ഒരേ നിറത്തിലുള്ള ഒരു യൂണിഫോം ധരിക്കുമ്പോൾ,ഒരേ ചട്ടക്കൂടിനുള്ളിൽ സ്വയം തളച്ചിടുമ്പോൾ,ഒരേ നിയമത്തിന്റെ നിലനിൽപ്പിനായി അശ്രാന്തം പരിശ്രമിക്കുമ്പോൾ അവർ ഒന്നാകുന്നു..കേരള പോലീസ് എന്ന ഒരൊറ്റ വർഗം..ഇന്ന് മലയാളത്തിലെ ഒരു മുഖ്യധാരാ ദിനപത്രം വളരെ വ്യക്തമായി “തെമ്മാടികൾ” എന്നു വിളിച്ച,ഒരു വർഗം..
എന്നു മുതലാണ് ഞങ്ങൾ നിങ്ങൾക്ക് തെമ്മാടികളായത്?ആരെ,എപ്പോൾ ദ്രോഹിച്ചപ്പോഴാണ്‌?ഏതു മാധ്യമത്തിന് നേരെ കലി തുള്ളിയപ്പോഴാണ്??ആരുടെ വീട്ടിൽകയറി മോഷണം നടത്തിയപ്പോഴാണ്?ആർക്കുവേണ്ടി എന്തു ചെയ്യാഞ്ഞിട്ടാണ്??
സ്വന്തം കുടുംബത്തിൽ ഒരു ചടങ്ങ് നടക്കുമ്പോൾ പോലും നടുറോഡിൽ ട്രാഫിക്കിൽ പൊരിവെയിൽ കൊള്ളുന്നത് കൊണ്ടാണോ?മക്കളുടെ സ്‌കൂൾ തുറക്കുന്ന ദിവസങ്ങളിൽപോലും പെരുമഴയിൽ നനഞ്ഞു ജോലി ചെയ്യുന്നത് കൊണ്ടാണോ? എന്ത് കാര്യത്തിനും ഏതു സമയത്തും ഒരു വിളിപ്പാടകലെ നിലയുറപ്പിക്കുന്നത് കൊണ്ടാണോ?കൃത്യമായ ഒരു സമയപരിധി പോലുമില്ലാതെ ജോലി ചെയ്യുന്നത് കൊണ്ടാണോ? ഇതൊക്കെ കൊണ്ടാണോ ഈ വർഗം തെമ്മാടികൾ ആയത്?
ഇതിലും കൂടുതൽ ഉണ്ടോ കാരണങ്ങൾ?മാർച്ച് മാസത്തിന്റെ ആദ്യ ദിനങ്ങളിൽ തന്നെ പറഞ്ഞിരുന്നു വെയിലിൽ ജോലി ചെയ്യുന്ന എല്ലാവർക്കും കടുത്ത ചൂടായത് കാരണം 11 മണി മുതൽ 3 മണി വരെ വിശ്രമം അനുവദിക്കണം എന്ന്.. ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ പൊലീസുകാർ ആ സമയത്ത് വിശ്രമിക്കുകയായിരുന്നോ എന്ന്??ഏതെങ്കിലും ട്രാഫിക് പോയന്റുകളിൽ പോലീസുകാരുടെ അഭാവം നേരിട്ടോ ആർക്കെങ്കിലും?ഈ പറഞ്ഞ “വിശ്രമ മണിക്കൂറുകളിൽ” പൊലീസുകാർ കേരളം കണ്ട ഏറ്റവും ഉയർന്ന ചൂട് അനുഭവിക്കുക തന്നെയായിരുന്നു…ഈ ദിവസങ്ങളിൽ വിഷുവും ഈസ്റ്ററുമൊക്കെ ഉൾപ്പെടും.. പൊതുജനങ്ങൾ ആഘോഷിക്കുമ്പോൾ അവർക്ക് സുരക്ഷ ഉറപ്പാക്കാൻ ഈ “തെമ്മാടികളുടെ കൂട്ടം” ഉണ്ടായിരുന്നു റോഡിലും, ബീച്ചിലും പാർക്കിലും റെയിൽവെ സ്റേഷനിലുമൊക്കെ..ആരും കണ്ടു കാണില്ല…ആരും പറഞ്ഞു കേട്ടില്ല..ആരും എഴുതി കണ്ടില്ല…
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് മദപ്പാട് ഉണ്ടാവാൻ സാധ്യതയുള്ളത് കൊണ്ട് സുരക്ഷ ഉറപ്പു വരുത്താനായി കൂടുതൽ പൊലീസുകാരെ വിനിയോഗിച്ചു..അതേ, പൊതുജനങ്ങളെ നൂറടി മാറ്റി നിർത്തി ആനയുടെ കൊമ്പിന്റെ കീഴെ ജോലി ചെയ്യുന്ന “തെമ്മാടികളുടെ”വീട്ടിലും അമ്മയും ഭാര്യയും മക്കളും അച്ഛനുമുണ്ട്..ആനയുടെ ചവിട്ട് കിട്ടിയാൽ അവരും ചാകും സർ…ഇതൊരു ഉദാഹരണം മാത്രമാണ്..എത്രയെത്ര കാര്യങ്ങൾ ഇനിയും..
പോലീസുകാരന്റെ പേര് മലയാളത്തിൽ എഴുതണം എന്ന് 80 വയസിന് അടുത്തുള്ള ഒരു വൃദ്ധൻ,ഒരു പൗരൻ ആവശ്യപ്പെട്ടപ്പോൾ ആ ആവശ്യത്തെ ഏറ്റവും പ്രധാനപ്പെട്ടതായി പരിഗണിച്ച് നടപടി എടുത്ത നമ്മുടെ ബഹുമാനപ്പെട്ട സംസ്ഥാന പൊലീസ് മേധാവിയെ പ്രശംസിക്കാൻ വാക്കുകൾ കിട്ടാതെ പോയവർ പോലീസുകാരനെ റാസ്‌കൽ എന്നു സംബോധന ചെയ്യാൻ ശ്രമിക്കുകയും അതിനു മലയാളം കണ്ടെത്താൻ തല പുകയ്ക്കുകയും ചെയ്യുന്നു..എന്തു പറയണം എന്നറിയില്ല..എന്തു പറഞ്ഞാലും കാര്യമുണ്ടാവില്ല..
പോലീസിൽ മാത്രമല്ല,ഓരോ സർക്കാർ സ്ഥാപനത്തിലെയും,ഓരോ ഉദ്യോഗസ്ഥനും നെയിം പ്ലേറ്റും അതിൽ മലയാളത്തിൽ തന്നെ പേരും ഉണ്ടാവണം എന്നു തന്നെയാണ് വ്യക്തിപരമായി എന്റെ അഭിപ്രായം..നമ്മുടെ സഹായം ആവശ്യപ്പെട്ടു വരുന്ന ഓരോ പൗരനും നമ്മുടെ പേരറിയാനുള്ള അവകാശവും കൂടി ഉണ്ടാവണം..ആ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാൻ എന്നും മുൻപന്തിയിൽ തന്നെ ഉണ്ടാകും “തെമ്മാടികൾ” എന്ന് നിങ്ങൾ വിളിക്കുന്ന കേരള പോലീസ്….നന്ദി..ഈ പ്രചോദനത്തിന്..

ശ്രീലേഷ് തിയ്യഞ്ചേരി
സിവിൽ പോലീസ് ഓഫീസർ
കണ്ണൂർ