നാലാം ട്വന്റി 20; കിവീസിന് 50 റണ്‍സ് ജയം;ന്യൂസിലൻഡ് ഉയർത്തിയ 216 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 165 റൺസിന് പുറത്തായി

Spread the love

വിശാഖപട്ടണം: ഇന്ത്യക്കെതിരായ നാലാം ട്വന്റി 20 ക്രിക്കറ്റിൽ ന്യൂസിലൻഡിന് ജയം. ന്യൂസിലൻഡ് ഉയർത്തിയ 216 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 165 റൺസിന് പുറത്തായി. 50 റൺസിനാണ് കിവീസിന്റെ ജയം.

video
play-sharp-fill

ഒരു ഘട്ടത്തിൽ തകർച്ച നേരിട്ട ഇന്ത്യയെ വെടിക്കെട്ട് നടത്തി ശിവം ദുബെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നെങ്കിലും താരം പാതിയിൽ വീണുപോയതോട ഇന്ത്യ പരാജയം രുചിച്ചു.

ദുബെ 23 പന്തിൽ നിന്ന് 65 റൺസെടുത്തു. ഇതോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പര 3-1 എന്ന നിലയിലായി. ആദ്യ മൂന്നു മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കത്തിൽ തന്നെ പതറി. ഇന്നിങ്‌സിലെ ആദ്യ പന്തിൽ തന്നെ അഭിഷേക് ശർമ(0) പുറത്തായി.

രണ്ടാം ഓവറിൽ സൂര്യകുമാറും പുറത്തായതോടെ ഇന്ത്യ 9-2 എന്ന നിലയിലായി. പിന്നീട് സഞ്ജുവും റിങ്കു സിങ്ങും ചേർന്നാണ് ടീമിനെ മുന്നോട്ടുനയിച്ചത്. മൂന്നാം വിക്കറ്റിൽ ഇരുവരും ഭേദപ്പെട്ട കൂട്ടുകെട്ട് പടുത്തുയർത്തി.

സഞ്ജു മികച്ച ഷോട്ടുകളുമായി കളിച്ചെങ്കിലും 15 പന്തിൽ നിന്ന് 24 റൺസെടുത്ത് മടങ്ങി. മൂന്നുഫോറുകളും ഒരു സിക്‌സറും അടങ്ങുന്നതാണ് ഇന്നിങ്‌സ്. പിന്നാലെ ഹാർദിക് പാണ്ഡ്യയും(2) നിരാശപ്പെടുത്തി.

പത്തോവർ അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 77 റൺസെന്ന നിലയിലായിരുന്നു. 11-ാം ഓവറിൽ റിങ്കു സിങ്ങിനെ പുറത്താക്കി ഫോൾക്ക്‌സ് ഇന്ത്യയെ പ്രതിരോധത്തിലാക്കി.

30 പന്തിൽ നിന്ന് 39 റൺസാണ് റിങ്കുവിന്റെ സമ്പാദ്യം. 82-5 എന്ന നിലയിൽ നിന്ന് പിന്നീട് ഇന്ത്യയെ ശിവം ദുബെ കരകയറ്റുന്നതാണ് മൈതാനത്ത് കണ്ടത്. കിവീസ് ബൗളർമാരെ തകർത്തടിച്ച ദുബെ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

ഇഷ് സോധി എറിഞ്ഞ 12-ാം ഓവറിൽ മൂന്ന് സിക്‌സറുകളും രണ്ട് ഫോറുകളുമടക്കം 29 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്.

പിന്നീടങ്ങോട്ട് ദുബെയുടെ താണ്ഡവമായിരുന്നു. 15 പന്തിൽ ഫിഫ്റ്റി തികച്ച ദുബെയുടെ ബാറ്റിൽ നിന്ന് ബൗണ്ടറികൾ പ്രവഹിച്ചു. അതോടെ കിവീസ് ക്യാമ്പിൽ ആശങ്ക പരന്നു. എന്നാൽ 15-ാം ഓവറിലെ അവസാനപന്തിൽ ദുബെ റണ്ണൗട്ടായത് കളിയുടെ ഗതി മാറ്റി.

ഹർഷിത് റാണ നീട്ടിയടിച്ച പന്ത് ബൗളറായ മാറ്റ് ഹെന്റിയുടെ കൈയിൽ തട്ടി സ്റ്റമ്പിൽ കൊണ്ടു. നോൺ സ്‌ട്രൈക്ക് എൻഡിലുണ്ടായിരുന്ന ദുബെ ക്രീസിൽ നിന്ന് പുറത്തായിരുന്നു.

23 പന്തിൽ നിന്ന് 65 റൺസെടുത്താണ് ദുബെ പുറത്തായത്. മൂന്ന് ഫോറുകളും ഏഴ് സികസ്‌റുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്്.

ഹർഷിത് റാണ(8)അർഷ്ദീപ് സിങ്(0), ജസ്പ്രഹീത് ബുംറ(4), കുൽദീപ് യാദവ്(1) എന്നിവർ പുറത്തായതോടെ ഇന്ത്യ തോൽവിയോടെ മടങ്ങി. 18.4 ഓവറിൽ 165 റൺസിന് ഇന്ത്യ പുറത്തായി. കിവീസിനായി ക്യാപ്റ്റൻ സാന്റ്‌നർ മൂന്നുവിക്കറ്റെടുത്തു.

ആദ്യം ബാറ്റുചെയ്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 215 റൺസാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസിന്റേത് തകർപ്പൻ തുടക്കമായിരുന്നു.

ഓപ്പണർമാരായ ഡെവോൺ കോൺവേയും ടിം സെയ്‌ഫേർട്ടും വെടിക്കെട്ട് നടത്തിയതോടെ ടീം മൂന്നോവറിൽ 30 റൺസിലെത്തി. നാലാം ഓവറിൽ 15 റൺസും അഞ്ചാം ഓവറിൽ 10 റൺസും ആറാം ഓവറിൽ 16 റൺസും കിവീസ് അടിച്ചെടുത്തു.

അതോടെ പവർപ്ലേയിൽ സ്‌കോർ 71 റൺസിലെത്തി. എട്ടാം ഓവറിൽ സെയ്‌ഫേർട്ട് അർധസെഞ്ചുറി തികച്ചു. 25 പന്തിലാണ് ഫിഫ്റ്റി.

ഒൻപതാം ഓവറിൽ കോൺവേയെ പുറത്താക്കി കുൽദീപ് യാദവ് കിവീസിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തി. 23 പന്തിൽ നിന്ന് 44 റൺസെടുത്താണ് താരം മടങ്ങിയത്.

വൺഡൗണായി ഇറങ്ങിയ രചിൻ രവീന്ദ്രയെ(2) ബുംറയും കൂടാരം കയറ്റിയതോടെ ടീം 103-2 എന്ന നിലയിലായി. മൂന്നാം വിക്കറ്റിൽ സെയ്‌ഫേർട്ടും ഗ്ലെൻ ഫിലിപ്‌സുമാണ് ഇന്നിങ്‌സ് മുന്നോട്ടുനയിച്ചത്. സ്‌കോർ 126 ൽ നിൽക്കേ സെയ്‌ഫേർട്ടും പുറത്തായി. 36 പന്തിൽ നിന്ന് 62 റൺസാണ് താരത്തിന്റെ സമ്പാദ്യം.

പിന്നീട് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ പിടിമുറുക്കിയതോടെ കിവീസ് പ്രതിരോധത്തിലായി. ഗ്ലെൻ ഫിലിപ്‌സും(24) മാർക് ചാപ്മാനും(9) വേഗം പുറത്തായി.

ക്യാപ്റ്റൻ മിച്ചൽ സാന്റ്‌നർ 11 റൺസിൽ റണ്ണൗട്ടായി. അവസാനഓവറുകളിൽ ഡാരിൽ മിച്ചൽ തകർത്തടിച്ചതോടെയാണ് ടീം 200 കടന്നത്.

മിച്ചൽ 18 പന്തിൽ നിന്ന് 39 റൺസെടുത്തു. ഒടുവിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 215 റൺസിന് ഇന്നിങ്സ് അവസാനിച്ചു.