അധ്യാപകരെ ട്രോളിയ വിദ്യാർത്ഥിക്ക് ‘ആപ്പ്’ വച്ച് അധ്യാപകർ
സ്വന്തം ലേഖകൻ
പാവറട്ടി (തൃശൂർ): സ്ഫടികത്തിൽ മോഹൻലാൽ അവതരിപ്പിച്ച ആടുതോമയെ ആരും മറക്കില്ല. തന്നെ തോല്പിച്ച അദ്ധ്യാപകനോട് ‘മാഷ് വരച്ച ചുവപ്പിന് ചോര എന്ന് കൂടി അർത്ഥമുണ്ട്, മാഷേ…’ എന്ന് പറഞ്ഞ് സ്‌കൂളിന്റെ പടിയിറങ്ങുന്ന ആ കഥാപാത്രത്തിന്റെ വിദ്യാഭ്യാസകാലം ഓർമ്മപ്പെടുത്തുകയാണ് അരവിന്ദ് ശർമ്മ. തൃപ്രയാർ പോളിടെക്നിക്കിൽ നിന്നു 2016 – 19 കാലയളവിൽ ഇലക്ട്രിക്കൽ ബാച്ചിൽ പഠിച്ച് ജയിച്ച കെ. അരവിന്ദ് ശർമ്മയ്ക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന്റെ കൂടെയുള്ള സ്വഭാവ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത് ‘നോട്ട് സാറ്റിസ്ഫാക്ടറി’ എന്നാണ്. ഹാജർനില രേഖപ്പെടുത്തുന്നിടത്ത് ഡിപ്പാർട്ടുമെന്റ് മേധാവിയുടെ റിമാർക്കും ഇങ്ങനെതന്നെ. തുടർപഠനവും ജോലി സാദ്ധ്യതയും ഇരുളിലാവാൻ മറ്റെന്തുവേണം.അദ്ധ്യാപകർക്കെതിരെ ചില ട്രോളുകൾ ഇറക്കിയതാണ് അരവിന്ദിന്റെ ‘ഗുരുതര കുറ്റകൃത്യം’.? ക്രിമിനൽ കേസുണ്ടെങ്കിൽ കൂടി ഗുഡ് സർട്ടിഫിക്കറ്റ് കിട്ടുന്ന ഇക്കാലത്താണ് തമാശ പറഞ്ഞതിന്റെ പേരിൽ അരവിന്ദിന്റെ ഭാവി ഗുരുക്കന്മാർ കുട്ടിച്ചോറാക്കാൻ ഒരുമ്പെട്ടത്.പഠിത്തത്തിൽ മിടുക്കനായ അരവിന്ദിനെ പ്രാക്ടിക്കൽ പരീക്ഷകളിൽ ഇതിന്റെ പേരിൽ തോല്പിച്ചിരുന്നു. തോറ്റ വിഷയങ്ങളെല്ലാം എഴുതി വിജയിച്ചപ്പോഴാണ് സ്വഭാവ സർട്ടിഫിക്കറ്റിൽ എട്ടിന്റെ പണി കിട്ടിയതെന്ന് നിരാശയിലും തമാശയായി അരവിന്ദ് പറഞ്ഞു. മുല്ലശ്ശേരി ഗവ. എച്ച്.എസ്.എസിലെ സീനിയർ അദ്ധ്യാപകനായ എൻ. കൃഷ്ണശർമ്മയുടെയും സ്വകാര്യ ഇൻഷ്വറൻസ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥയായ കെ.എൻ. പ്രീതയുടെയും മകനാണ് ആരെയും ചിരിപ്പിക്കുന്ന ട്രോളറായ അരവിന്ദ്. സ്വഭാവ സർട്ടിഫിക്കറ്റ് തിരുത്തി കിട്ടുന്നതിന് മുഖ്യമന്ത്രിക്ക് പരാതി നൽകി കാത്തിരിക്കുകയാണ് രക്ഷിതാക്കളും ഈ പത്തൊൻപതുകാരൻ ട്രോളറും.
സമ്മാനം നേടിയ ട്രോളർ
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിരവധി ട്രോൾ നിർമ്മിക്കൽ മത്സരങ്ങളിൽ അരവിന്ദിന് സമ്മാനം കിട്ടിയിട്ടുണ്ട്. തൃശൂർ വിമല കോളേജിലും മഞ്ചേരിയിലും നടന്ന മത്സരങ്ങളിൽ അരവിന്ദ് ആയിരുന്നു ജേതാവ്. ഫേസ്ബുക്കിൽ ട്രോൾ എസ്.ആർ.ജി.പി.ടി.സി എന്ന പേരിൽ ഉണ്ടാക്കിയ ഗ്രൂപ്പിൽ 1500ലേറെ അംഗങ്ങളുണ്ട്. അദ്ധ്യാപകരും വിദ്യാർത്ഥികളും അംഗങ്ങളായ ഗ്രൂപ്പിലെ തമാശകൾ എല്ലാവരും ആസ്വദിക്കാറുമുണ്ട്. എന്നിട്ടും സർട്ടിഫിക്കറ്റിൽ മോശക്കാരനാക്കിയതിനു പിന്നിൽ ചില അദ്ധ്യാപകരുടെ പകയും വകതിരിവില്ലായ്മയുമാണെന്നാണ് സഹപാഠികൾ പറയുന്നത്.
”സ്വഭാവ സർട്ടിഫിക്കറ്റിൽ സംതൃപ്തിയില്ല എന്ന് എഴുതുന്നതിനു മുമ്പ് അരവിന്ദ് ചെയ്ത തെറ്റുകളെന്തെന്ന് മാതാപിതാക്കളെ അറിയിച്ചിട്ടില്ല. സർട്ടിഫിക്കറ്റ് കണ്ട് അന്വേഷിക്കാൻ ചെന്നപ്പോഴും അരവിന്ദ് നല്ല കുട്ടിയാണ്, എന്നാൽ അവന്റെ സ്വഭാവം ശരിയല്ല എന്ന വിചിത്ര മറുപടിയാണ് അദ്ധ്യാപകരിൽ നിന്നു കിട്ടിയത്. പഠിക്കാൻ മിടുക്കനും വളരെ ആക്ടീവുമായിരുന്നയാൾ ഇതോടെ കതകടച്ച് മുറിക്കുള്ളിൽ ഇരിക്കുന്നയാളായി മാറി.
എൻ. കൃഷ്ണശർമ്മ, അരവിന്ദിന്റെ പിതാവ്