
തിരുവനന്തപുരം: പണിമുടക്ക് ദിവസം ജോലിക്കെത്തിയ അധ്യാപകരെ അകത്താക്കി സ്കൂളിൻ്റെ ഗേറ്റ് പുറത്തുനിന്ന് പൂട്ടി സമരാനുകൂലികള്‍.
അരുവിക്കര എല്‍പിസ്കൂളില്‍ ജോലിക്കെത്തിയ അഞ്ച് അധ്യാപകരെയാണ് സ്കൂള്‍ മതില്‍ക്കെട്ടിന് ഉള്ളിലാക്കി ഗേറ്റ് പൂട്ടിയത്. ജോലിസമയം കഴിഞ്ഞിട്ടും തുറന്നുനല്‍കാതിരുന്നതോടെ പോലീസ് എത്തി പൂട്ടുതകർത്ത് അധ്യാപകരെ പുറത്തിറക്കി.
പണിമുടക്ക് ദിനത്തില്‍ അധ്യാപകർ ജോലിക്കെത്തിയതില്‍ പ്രകോപിതരായാണ് പ്രവർത്തകർ ഗേറ്റ് പുറത്തുനിന്ന് പൂട്ടിയത്. താക്കോലുമായി സമരക്കാർ പോകുകയും ചെയ്തു. ഡ്യൂട്ടിസമയം കഴിഞ്ഞ് ഗേറ്റ് തുറക്കാം എന്നായിരുന്നു സമരക്കാരുടെ നിലപാട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, സ്കൂളിൻ്റെ പ്രവർത്തനസമയമായ 3.30 കഴിഞ്ഞിട്ടും ഗേറ്റ് തുറന്നുനല്‍കിയില്ല. ഇതോടെയാണ് അരുവിക്കര സി.ഐ യുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പൂട്ട് തല്ലി തകർത്ത് അധ്യാപകരെ പുറത്തിറക്കിയത്.
അരുവിക്കര ഹയർസെക്കൻഡറി സ്കൂളിലും പ്രവർത്തകർ ഗേറ്റ് പൂട്ടിയിരുന്നു. 10 വനിതാ അധ്യാപകരും ഒരു പുരുഷ അധ്യാപകനും സ്കൂളില്‍ ഉണ്ടായിരുന്നു. എല്‍പി സ്കൂളില്‍ സിഐ ഗേറ്റ് പൊളിച്ചതിന് പിന്നാലെ സമരക്കാർ ഇവിടെയെത്തി വൈകുന്നേരത്തോടെ ഗേറ്റ് തുറന്നുനല്‍കി.