
റായ്പുർ: ഹോംവർക്ക് ചെയ്യാത്തതിന് നാലുവയസ്സുകാരനെ ക്രൂരമായി ശിക്ഷിച്ച് അധ്യാപികമാർ. ഛത്തീസ്ഗഡ് സുരാജ്പുരിലെ നാരായൺപുർ ഗ്രാമത്തിലാണ് സംഭവം.
സ്കൂൾ വളപ്പിലെ മരത്തിൽ കെട്ടിത്തൂക്കിയാണ് കുട്ടിയെ ശിക്ഷിച്ചത്. കുട്ടിയെ മണിക്കൂറുകളോളം കെട്ടിത്തൂക്കിയെന്നാണ് റിപ്പോർട്ടുകൾ. ഹൻസ് വാഹിനി വിദ്യാമന്ദിർ എന്ന സ്കൂളിലാണ് കുട്ടി പഠിക്കുന്നത്.
സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയർന്നു. കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്.
കുട്ടി ഹോംവർക്ക് ചെയ്യാതെ വന്നതോടെ അധ്യാപിക ദേഷ്യപ്പെടുകയായിരുന്നു. തുടർന്ന് കാജൽ സാഹു, അനുരാധ ദേവാംഗൻ എന്നീ അധ്യാപികമാർ ചേർന്ന് കുട്ടിയെ ക്ലാസിനു പുറത്തേക്കു കൊണ്ടുപോയി. കുട്ടിയുടെ ഷർട്ടിൽ കയർ കെട്ടി മരത്തിൽ കെട്ടിത്തൂക്കുകയായിരുന്നു. തൊട്ടടുത്ത കെട്ടിടത്തിലുണ്ടായിരുന്നയാളാണ് സംഭവത്തിന്റെ വിഡിയോ പകർത്തിയത്. കുട്ടി പേടിച്ച് നിലവിളിക്കുന്നതും നിലത്തിറക്കാൻ ആവശ്യപ്പെടുന്നതും വിഡിയോയിൽ കാണാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിഡിയോ പ്രചരിച്ചതോടെ വിദ്യാഭ്യാസ വകുപ്പ് അധികൃതർ സ്കൂളിലെത്തി. അന്വേഷണ റിപ്പോർട്ട് ജില്ലാ വിദ്യാഭ്യാസ ഓഫിസർക്ക് അയച്ചതായി ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ പറഞ്ഞു. സംഭവത്തിൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ മാപ്പു പറഞ്ഞിട്ടുണ്ട്. അധ്യാപികമാർക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് കുട്ടിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു.




