![ക്യുട്ട്നസ്സ് ഓവർലോഡഡ് ;”ഞങ്ങളുടെ കുഞ്ഞുവാവയ്ക്ക് പല്ലു വന്നു” ; മൂന്നാം ക്ലാസുകാരൻ്റെ ഡയറിക്കുറിപ്പ് പങ്കുവെച്ച് ടീച്ചർ ക്യുട്ട്നസ്സ് ഓവർലോഡഡ് ;”ഞങ്ങളുടെ കുഞ്ഞുവാവയ്ക്ക് പല്ലു വന്നു” ; മൂന്നാം ക്ലാസുകാരൻ്റെ ഡയറിക്കുറിപ്പ് പങ്കുവെച്ച് ടീച്ചർ](https://i0.wp.com/thirdeyenewslive.com/storage/2024/07/IMG-20240702-WA0043.jpg?fit=1055%2C1407&ssl=1)
ക്യുട്ട്നസ്സ് ഓവർലോഡഡ് ;”ഞങ്ങളുടെ കുഞ്ഞുവാവയ്ക്ക് പല്ലു വന്നു” ; മൂന്നാം ക്ലാസുകാരൻ്റെ ഡയറിക്കുറിപ്പ് പങ്കുവെച്ച് ടീച്ചർ
നമ്മില്‍ പലരും സ്കൂളില്‍ പഠിക്കുമ്ബോള്‍ ഡയറി എഴുതിയിട്ടുണ്ടാവും. രാവിലെ ഇത്ര മണിക്ക് എഴുന്നേറ്റു, ചായ കുടിച്ചു തുടങ്ങി അന്നത്തെ ദിവസം സംഭവിച്ച കാര്യങ്ങളെല്ലാം നമ്മുടെ ഭാഷയില്‍ നാം ആ ഡയറിയിലേക്ക് പകർത്താറുണ്ട്.
ഇന്നുമുണ്ട് അതുപോലെ കുഞ്ഞുങ്ങളോട് ഡയറിക്കുറിപ്പ് എഴുതി വരാൻ പറയുന്ന അധ്യാപകർ. ഒരുപാട് ഡയറിക്കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുമുണ്ട്. അതുപോലെ, ഒരു മൂന്നാം ക്ലാസുകാരന്റെ രസകരവും ക്യൂട്ടുമായ ഒരു കുഞ്ഞു ഡയറിക്കുറിപ്പാണിത്.
മണ്ണാർക്കാടിലെ കുമരംപുത്തൂർ ഗവ. എല്‍പി സ്കൂള്‍ അധ്യാപികയായ സൗമ്യ എം ആണ് ഈ ഡയറിക്കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ മുസമ്മില്‍ എഴുതിയതാണ് കുറിപ്പ്. അവനൊരു വലിയ വിശേഷമാണ് പങ്കുവയ്ക്കാനുണ്ടായിരുന്നത് അവന്റെ വീട്ടിലെ, അവന്റെ പ്രിയപ്പെട്ട കുഞ്ഞുവാവയ്‍ക്ക് പല്ലു വന്നു. ആ സന്തോഷമാണ് അവൻ തന്റെ ഡയറിയില്‍ എഴുതിയിരിക്കുന്നത്. ജൂണ്‍ 28 വെള്ളിയാഴ്ച ദിവസത്തെ ഡയറിക്കുറിപ്പാണത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
![](https://i0.wp.com/thirdeyenewslive.com/storage/2021/06/oxy2025-jan.jpeg?fit=2560%2C1452&ssl=1)
‘ഇന്ന് എനിക്ക് സന്തോഷമുള്ള ദിവസമായിരുന്നു. ഞങ്ങളുടെ കുഞ്ഞുവാവക്ക് പല്ലുവന്നു. ഞാൻ കുഞ്ഞിവാവയുടെ വായില്‍ എന്റെ വിരല്‍ കൊണ്ട് തൊട്ടുനോക്കി. അപ്പോള്‍ എന്റെ വിരലില്‍ കടിച്ചു’ എന്നാണ് മുസമ്മില്‍ എഴുതിയിരിക്കുന്നത്.
‘ക്യുട്ട്നസ്സ് ഓവർലോഡഡ്. അവന്റെ വാവക്ക് പല്ല് വന്നു പോലും. എന്റെ ക്ലാസിലെ മുസമ്മില്‍ എഴുതിയത്’ എന്ന കാപ്ഷനോടെയാണ് അധ്യാപിക ചിത്രം പങ്കുവച്ചിരിക്കുന്നത്.’
നേരത്തെയും ഇതുപോലെ കുട്ടികളുടെ ഡയറിക്കുറിപ്പുകള്‍ സൗമ്യ പങ്കുവച്ചിട്ടുണ്ട്. മഴയത്ത് പുതച്ചുറങ്ങാൻ ഇഷ്ടപ്പെടുന്ന, ഉമ്മ വിളിച്ചപ്പോള്‍ നിരാശയോടെ എഴുന്നേറ്റുപോയ ആയോണ എന്നൊരു കുട്ടിയുടെ ഡയറിയിക്കുറിപ്പിന് ‘പോട്ടെ, ഇനിയും മഴ പെയ്യും’ എന്ന് അധ്യാപിക എഴുതിയിരിക്കുന്നത് കാണാം. മുസ്സമിലിന്റെ ഡയറിക്കുറിപ്പിന് ‘ആഹാ!’ എന്നാണ് അധ്യാപികയുടെ പ്രതികരണം.
സൈക്കിളില്‍ നിന്നു വീണ തന്റെ അനുഭവം കുറിച്ച മിസ്ബ ഫാത്തിമയുടെ കുറിപ്പും പച്ചക്കറി നട്ടതും, തൊടിയില്‍ മയിലുകള്‍ വന്നതും, ഊഞ്ഞാലിട്ടതും കുറിച്ച മൃദുലിന്റെ ഡയറിക്കുറിപ്പും ഒക്കെ അധ്യാപിക പങ്കുവച്ചിട്ടുണ്ട്.
‘ആദ്യ ദിവസം മുതല്‍ ഇംഗ്ലീഷിലും മലയാളത്തിലും മാറിമാറി ഡയറി എഴുതിനോക്കാൻ പറഞ്ഞിരുന്നു. ആദ്യമൊക്ക കുട്ടികള്‍ പഴയ രീതിയില്‍ ഡെയിലി റൂട്ടീൻ എഴുതി വരുമായിരുന്നു. പിന്നെ അന്ന് നടന്ന ഒരു പ്രധാന സംഭവം മാത്രം എഴുതിയാല്‍ മതി എന്ന് പറഞ്ഞു. ഇപ്പോള്‍ എല്ലാവരും ഒന്നിനൊന്നു മെച്ചമായി എഴുതുന്നു. സ്വന്തമായ ഭാഷ വികസിച്ചു വരുന്നുണ്ട്. പിന്നെ അവരുടെ ഫീലിംഗ്സ് ഒക്കെ പ്രകടിപ്പിക്കാൻ കഴിയുന്ന ഒരു അവസരമായി എഴുത്ത് വരുന്നു. അവർക്കത് സന്തോഷമാണ്’ എന്ന് സൗമ്യ പറയുന്നു.
എത്ര വളർന്നു വലുതായാലും, ഈ കൗതുകവും നിഷ്കളങ്കതയും മനുഷ്യരില്‍ ശേഷിച്ചാല്‍ എന്ത് രസമായിരിക്കും അല്ലേ?