അധ്യാപകരെ തല്ലിയൊതുക്കി വിദ്യാർത്ഥികൾ: ഒരു മാസത്തിനിടെ അടിയേറ്റ് വീണത് മൂന്നു അധ്യാപകർ; ക്ലാസുകൾ കലാപഭൂമിയായി മാറുന്നു

അധ്യാപകരെ തല്ലിയൊതുക്കി വിദ്യാർത്ഥികൾ: ഒരു മാസത്തിനിടെ അടിയേറ്റ് വീണത് മൂന്നു അധ്യാപകർ; ക്ലാസുകൾ കലാപഭൂമിയായി മാറുന്നു

സ്വന്തം ലേഖകൻ

കൊച്ചി: സംസ്്ഥാനത്ത് ഒരു മാസത്തിനിടെ വിദ്യാർത്ഥികൾ തല്ലിയൊതുക്കിയത് മൂന്ന് അധ്യാപകരെ. എല്ലാം ഹയർസെക്കൻഡറി അധ്യാപകർ. അടിയേറ്റ് വീണ ഒരു അധ്യാപകൻ ഇതുവരെ ജോലിയിൽ തിരികെ പ്രവേശിച്ചിട്ടുമില്ല. പരീക്ഷയെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് മൂന്നു സംഭവങ്ങളിലും അധ്യാപകർക്ക് മർദനമേറ്റിരിക്കുന്നത്. ഹയർസെക്കൻഡറി വിദ്യാർത്ഥികളാണ് മൂന്നു സംഭവങ്ങളിലും അധ്യാപകരെ മർദിക്കാൻ മുന്നിൽ നിന്നിരിക്കുന്നതെന്നതും ഞെട്ടികക്കുന്നതാണ്.
പരീക്ഷാ ഹാൾ ടിക്കറ്റ് വാങ്ങാൻ യൂണിഫോമിൽ എത്താതിരുന്നത് ചോദ്യം ചെയ്തതിനാണ് ഏറ്റവും ഒടുവിൽ കുമളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപകനായ എസ്. ജയദേവിനെ വിദ്യാർത്ഥി മർദിച്ചത്്. സംഭവത്തിൽ പ്ലസ് വൺ വിദ്യാർഥിയായ അബിൻ സുരേഷിനെ (18) പോലീസ് അറസ്റ്റുചെയ്തു. അടികിട്ടി ആശുപത്രിയിലായ അധ്യാപകൻ ഇപ്പോഴും ഡിസ്ചാർജ് ആയിട്ടില്ല.

ഫെബ്രുവരി ഒമ്ബതിനായിരുന്നു ആദ്യസംഭവം. കാസർകോട് ചെമ്മനാട് ജമാ അത്ത് ഹയർസെക്കൻഡറി സ്‌കൂളിൽ കോപ്പിയടി പിടിച്ചതിനെത്തുടർന്ന് മുഹമ്മദ് മിർസ (19) എന്ന വിദ്യാർഥി അധ്യാപകൻ ബോബി ജോസിന്റെ കരണത്തടിക്കുകയും കൈപിടിച്ച് തിരിക്കുകയുമായിരുന്നു. കേൾവിശക്തിക്കും ശരീരത്തിന്റെ തുലനാവസ്ഥയ്ക്കും തകരാറുണ്ട്. അദ്ദേഹം ഇതുവരെ ജോലിയിൽ തിരികെ പ്രവേശിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രിവിട്ട് വീട്ടിലെത്തിയപ്പോൾ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥിയുടെ രക്ഷിതാവ് അധ്യാപകനെ ഭീഷണിപ്പെടുത്തി. ഇതുസംബന്ധിച്ച പരാതിയിൽ രക്ഷിതാവിനെയും അറസ്റ്റുചെയ്തു. വിദ്യാർഥി ഇപ്പോഴും റിമാൻഡിലാണ്. ജാമ്യാപേക്ഷ വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.

പരീക്ഷാഹാളിൽ പ്രത്യേകതരം തൊപ്പി ധരിച്ചുവന്നത് ചോദ്യംചെയ്തതിനാണ് കൊല്ലം ചെമ്പകശ്ശേരി ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥി അധ്യാപകന്റെ കരണത്തടിച്ചത്. മോഡൽ പരീക്ഷയ്ക്കിടെയായിരുന്നു സംഭവം. ഇദ്ദേഹത്തെ നിലത്തിട്ട് ചവിട്ടുകയും ചെയ്തു. പതിനാറുകാരനായ പ്ലസ് വൺ വിദ്യാർഥിയെ ജുവനൈൽ ബോർഡിൽ കൗൺസലിങ്ങിന് വിധേയമാക്കി. പ്രായപൂർത്തിയാവാത്തതിനാൽ അറസ്റ്റുചെയ്തില്ല. അധ്യാപകൻ കഴിഞ്ഞദിവസമാണ് ജോലിയിൽ പ്രവേശിച്ചത്. ഇദ്ദേഹത്തിന് ശാരീരിക തുലനാവസ്ഥ നഷ്ടമായിട്ടുണ്ട്. വിദ്യാർഥി പ്ലസ് വൺ പരീക്ഷ എഴുതിയതുമില്ല.